June 24, 2013

"പ്രണയിച്ചത്‌ അവളെ, തിരിച്ചറിഞ്ഞത്‌ അക്ഷരങ്ങളും : എന്റെ ജീവിതം.."

അക്ഷരങ്ങളൊടുള്ള പ്രണയമല്ലയെന്നെ, എഴുത്തിന്റെ ലോകത്തേയ്ക്ക്‌ എത്തിച്ചത്‌.. അതിരു കടന്ന സൗഹൃദം പ്രണയമായപ്പോൾ ജീവിതത്തിനൊപ്പം ജീവനും  പങ്കുവയ്ക്കാൻ തയറായവൾക്ക്‌ വേണ്ടി എഴുതിയ നാലു വരികളിൽ നിന്നും അവളാണ്‌ എന്നെ കണ്ടെത്തിയത്‌..
പാലക്കാട്‌ ജില്ലയിലെ വടവന്നൂർ എന്നൊരു കർഷക ഗ്രാമത്തിലായിരുന്നു ജനനം. ഗ്രാമീണ വായനശാല മാത്രമായിരുന്നു പുറം ലോകവുമായി ബന്ധപെടാനുള്ള ഏക മാർഗം.. സ്ക്കൂളിലെ ക്ലാസ്‌ കഴിഞ്ഞ്‌ ഓടി പിടഞ്ഞ്‌ വായനശാലയിയുടെ മുന്നിലെ ചുമട്‌ താങ്ങിക്ക്‌ ചുവട്ടിലിരുന്ന് പോളിയൊ ബാധിച്ച ഇടത്‌ കാലും വലിച്ചിഴച്ച്‌ നടന്നു വരാറുള്ള വായനാശാല സൂക്ഷിപ്പുകാരനായ അപ്പുപ്പനെയും കാത്തിരുന്ന കാലത്തിന്റെ ഓർമകൾ, ഒരുപാട്‌ തുന്നികെട്ടുകൾ ഉള്ള മനസിൽ ഇന്നുമുണ്ട്‌.. ആ വൈകുന്നേരങ്ങളും, മുടന്തൻ അപ്പുപ്പനും, എന്നെ പുസ്തകങ്ങളുടെ ലോകത്തെ കളികൂട്ടുകാരനാക്കി.. വായൻശാലയിൽ നിന്നുള്ള മടക്കയാത്രയ്ക്കിടയിൽ വീടെത്തും വരെ കാത്തിരിക്കാൻ വയ്യാതെ പാലക്കാടൻ കരിമ്പനകൾ വരി വരിയായി നിൽക്കുന്ന വഴിവക്കിലിരുന്ന് പുസ്തകങ്ങൾ വായിച്ച സന്ധ്യകളും.. വായിച്ച വരികൾക്ക്‌ താളമിട്ട്‌ പാലക്കാടൻ കാറ്റും., അങ്ങനെ ജീവിതത്തിന്റെ നെട്ടോട്ടതിനിടയ്ക്ക്‌  നഷ്ടങ്ങൾ   ഒത്തിരിയാണ്‌… കൂടെ എനിക്കെന്നും പ്രിയപെട്ട അച്ചനും, പിന്നെ വായനയും..
വർഷങ്ങൾക്കിപ്പുറം, അനന്തപുരിയുടെ ചെങ്കോട്ടയിൽ, പാളയം യൂണിവേഴ്സിറ്റി കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്‌ ഞാനിന്ന്. രണ്ട്‌ വർഷം മുൻപൊരു മഴയുള്ള വൈകുന്നേരം, വഴിയരികിൽ കണ്ടുമുട്ടിയ പ്രിയ സ്നേഹിത ചിന്നുസ്സും കൂടെയുണ്ട്‌, ഇന്ന് എന്റെ ജീവിത യാത്രകളിൽ.. നഷ്ടമായത്‌ പലതും അവളിലൂടെ എനിക്ക്‌ തിരിച്ച്‌ കിട്ടി.. ആത്മാർത്ഥമായ സ്നേഹവും, അക്ഷരങ്ങളോടുള്ള നഷ്ട പ്രണയവും.. ഞാനും അക്ഷരങ്ങളും തമ്മിലുള്ള ദൂരം കുറച്ചതും അവളായിരുന്നു..
അവളുമായി പിണങ്ങിയ രാത്രികളിൽ അക്ഷരങ്ങളാൽ എന്നെ തിരിച്ചറിഞ്ഞത്‌  പഴകിയ പത്രതാളുകളും, കണ്ണീരിൽ കുതിർന്ന്, എന്റെ തലയണയും മാത്രം..!! ഇരുണ്ട രാവുകളും, മഴയിൽ കുതിർന്ന പകലുകളും എന്റെ കണ്ണീർ അവളിൽ നിന്നും മറച്ചു  പിടിച്ചപ്പോൾ, അക്ഷരങ്ങൾ അവളെ നോവിച്ചു.. പിന്നീട്‌ അവളറിയാതെയായി എഴുത്ത്‌.. അറിയാതെ പോലും അവൾ നോവുന്നത്‌ എനിക്ക്‌ സഹിക്കാനാവില്ല.. വില കുറഞ്ഞ വികാരങ്ങളല്ല, വർണ്ണിക്കാൻ വാക്കുകളില്ലാത്ത പ്രണയമാണ്‌ അവൾക്കെന്നോട്‌. അതിന്റെ പേരിൽ ഒരുപാട്‌ നഷ്ടങ്ങൾ താങ്ങേണ്ടി വന്നു ആ പാവത്തിന്‌…  വീടും വീട്ടുകാരും എതിരായിട്ടും, ഒരാളുടെ പ്രണയത്തിനായി ബാക്കി ലോകത്തിന്റെ സ്നേഹം വേണ്ടെന്ന് വച്ചത്‌ കൊണ്ടാവാം, അവൾ ഇല്ലാത്തൊരു ജീവിതം മരണമാണെന്ന് ഞാൻ തിരിച്ചറിയുന്നത്‌.. അതു കൊണ്ടാവും, എന്നെ കുറിച്ച്‌ പറയുമ്പോൾ അതിൽ എന്നെക്കാൾ, അവളെ കുറിച്ച്‌ പറയേണ്ടി വരുന്നത്‌..
Me : www.facebook.com/abhijithpyd

3 comments:

  1. എഴുത്ത് തുടരുക

    ReplyDelete
  2. പ്രണയം അനന്തമാണ്‌..,.. അനിര്‍വചനീയവും.. ആശംസകള്‍ സുഹൃത്തേ.....

    ReplyDelete
  3. അതെ പ്രണയകുത്തൊഴുക്കിൽ അടിതെറ്റരുത്.. ആശംസകൾ

    ReplyDelete