June 27, 2013

ഒരു ടീനേജ്‌കാരന്റെ ആശങ്കൾ

ടൈപ്പ്‌ ചെയ്തു തുടങ്ങിയ വരികൾ പലതവണ ബാക്ക്‌ സ്പൈസ്‌ അടിച്ചു കളഞ്ഞു..
മനസ്സ്‌ ശൂന്യം, സുതാര്യമായൊരു നീർക്കുമിള പോൽ..
അശാന്തമായ മനസ്സിലെ അലയൊലികൾ എന്നെ വല്ലാതെ തളർത്തിയിരിക്കുന്നു..
"മാനസിക സങ്കർഷങ്ങൾ, കോപ്പ്‌.. ഒരു പത്തൊൻപത്‌കാരന്‌ എന്തു ടെൻഷൻ?"
പ്രശ്‌നങ്ങൾ കേട്ട കോളേജിലെ കൗൺസിലിംഗ്‌ വിദഗ്‌ദ്ധൻ തമാശ രൂപേണ പറഞ്ഞു..
"വല്ലാത്ത പേടി പോലെ, പ്രിയപെട്ട ആരൊക്കെയൊ എന്നെ വിട്ടു പോകുന്ന പോലെ..", ഞാൻ നിസ്സഹായ ഭാവത്തിൽ പറഞ്ഞൊപ്പിച്ചു..
"ആരെയെങ്കിലും ആത്മാർത്ഥമായി പ്രണയിക്കുന്നുണ്ടൊ?" വീണ്ടുമൊരു ചോദ്യം..
ഉണ്ടെന്നു പറയാൻ മനം തുടിച്ചു, ഇല്ലെന്ന് പറയാനാവാതെ ഞാൻ കസേരയിൽ തളർന്നിരുന്നു..
ചിരിച്ചു കൊണ്ട്‌, സ്വസിദ്ധമായ രീതിയിൽ താടി ചൊറിഞ്ഞ്‌ കൊണ്ട്‌ അദ്ദേഹം മറ്റൊരു ചോദ്യം എന്റെ നേർക്കെറിഞ്ഞു, "അവളെ ഒരുപാട്‌ ഇഷ്ടമാണല്ലേ?!"
"ആരെ?"
"എന്നോട്‌ ഒന്നും മറയ്കണ്ട, ഈ പ്രായം കഴിഞ്ഞു തന്നെ മകനെ ഞാനും ഇവിടെ എത്തിയിരിക്കുന്നത്‌.." പരിഹാസരൂപേണ അയാൾ പറഞ്ഞു..

കസേരയിൽ നിന്നും എഴുന്നേറ്റ്‌ ഫാൻ ഓൺ ചെയ്‌തിട്ട്‌ ചോദിച്ചു, "പിന്നെ, നീ തന്നെ പറയു, നമ്മൾ തമ്മിൽ സംസാരിക്കുന്നത്‌ വേറൊരാൾ അറിയില്ല.."
മുഖത്ത്‌ പറ്റിപിടിച്ച വിയർപ്പ്‌ തുള്ളി തുടച്ചു കൊണ്ട്‌ ഞാൻ എന്റെയും, ഞാനുൾപെടുന്ന പ്രായത്തിന്റെയും ആശങ്കകൾ പറഞ്ഞു തുടങ്ങി..
സർവ്വരുടെയും ശ്രദ്ധയും പരിചരണവും ലഭിച്ചിരുന്ന കൗമാര പ്രായത്തിൽ നിന്നും, അമിത സ്വാതന്ത്ര്യത്തിന്റെ യുവത്വത്തിലേയ്ക്ക്‌ പടികൾ ചവിട്ടി കയറുമ്പോൾ ഞങ്ങൾ നേരിടുന്ന മാനസിക-ശാരീരിക പ്രശ്‌നങ്ങൾ, ആ സമയം കൂടെ കൂടുന്നവർക്ക്‌ വേണ്ടി ജീവൻ കളയാനും ഒരുങ്ങുന്ന ത്യാഗമനോഭാവം, ഇഷ്ടപെട്ടവരുടെ അവഗണനകൾ, ഞങ്ങളെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്യാൻ തക്കം പാർത്തിരിയ്ക്കുന്നവർ ചുറ്റിലുമുണ്ടെന്ന തിരിച്ചറിവുകളും പിന്നെ പ്രണയ്‌വും, അങ്ങനെ ഒരായിരം ആശങ്കൾക്കിടയിൽ ഏതിൽ തുടങ്ങണമെന്നറിയാതെ ഞാൻ കുഴങ്ങി..
"പ്രണയം, മനോഹരമായൊരു പനിനീർ പുഷ്‌പമാണ്‌.. നിറവും, മണവും നോക്കി നാം അത്‌ സ്വന്തമാക്കും.. വാടി തുടങ്ങുമ്പോൾ നാം വലിച്ചെറിഞ്ഞ്‌ നടന്നകലും.. പിന്നെയുള്ള ജീവിതം ദുസ്സഹമാകും.."
"ഞാ... ഞാൻ ഒരിയ്ക്കലും അങ്ങനെ കരുതിയിട്ടില്ല.." എന്റെ ശബ്ദം വല്ലാതെ ഉയർന്നത്‌ ഞാനറിഞ്ഞില്ല..
ഇരയെ കെണിയിൽ വീഴ്ത്തിയ വേട്ടക്കാരന്റെ ഭാവത്തിൽ അയാൾ തുടർന്നു, "ഇതൊക്കെ ഇപ്പോൾ പറയും.. ഈ പ്രായത്തിൽ ഒരു ആണിന്‌ പെണ്ണിനോട്‌ തോന്നുന്ന വെറും ആകർഷണമല്ലാതൊന്നുമല്ല ഇത്‌.."
വന്ന ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട്‌ ഞാൻ തിരിച്ചൊരു ചോദ്യം ചോദിച്ചു, "ശരീരം നോക്കി മാത്രമല്ല, മനസ്സും നോക്കിയാണ്‌ ഞങ്ങൾ പ്രണയിച്ചു തുടങ്ങിയത്‌.. ഈ പ്രായത്തിൽ ഞങ്ങൾ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഒരു നിമിഷം പോലും ആലോചിക്കാതെ, തെറ്റെന്ന് പറയാതെ എന്തേ ഞങ്ങളെ തിരിച്ചറിയാൻ ശ്രമിക്കാത്തത്‌ ഞങ്ങളാണൊ തെറ്റുകാർ?!"
ഞങ്ങളുടെ പ്രായത്തിന്റെ ആശങ്കകളെ, പ്രണയത്തെ എല്ലാം കണ്ടില്ലെന്ന് നടിക്കുന്ന തലനരച്ച തലമുറയുടെ പ്രതീകം പോലെയാണ്‌ അയാൾ പെരുമാറിയത്‌..
"ശരി, സമ്മതിച്ചു നിങ്ങൾ സീരിയസ്‌ ആയാണ്‌ പ്രണയിച്ചത്‌, പക്ഷെ ഓർക്കണം കേരളത്തിൽ എത്ര എത്ര ദമ്പതികളാണ്‌ ദിവസവും വേർപ്പിരിയുന്നത്‌.. എല്ലാം ഈ പ്രായത്തിന്റെ കുഴപ്പം."
"ദിവസവും നടക്കുന്നു എന്ന് പറഞ്ഞില്ലേ, അതെ നടക്കുന്നു.. പക്ഷെ അതിൽ എത്രയെണ്ണം വാർത്തയാവുന്നു, ചുരുക്കം ചില പ്രണയ വിവാഹങ്ങൾ പോലുള്ളവയുടെ മാത്രം. പ്രശനങ്ങൾ ഇല്ലാത്ത ആയിരം കുടുംബങ്ങൾ ഉണ്ടാവാം, പക്ഷെ പ്രശ്‌നം ഉള്ളവ മാത്രം ഉയർത്തി എന്തിന്‌ ഞങ്ങളെ തളർത്തുന്നു?"

പിന്നെയും ഞങ്ങൾ ഒരുപാട്‌ നേരം സംസാരിച്ചു.. ഞാൻ മനസ്സ്‌ തുറന്നു എന്നെ കുറിച്ചും, അവളെ കുറിച്ചും, ഞങ്ങളുടെ പ്രണയത്തെ കുറിച്ചും.. ഇതിനിടയിൽ പലതും പറയണ്ടെന്ന് വച്ചു..

"മനശാസ്ത്രം തോൽക്കുന്നത്‌ നിങ്ങൾക്ക്‌ മുന്നിലാണ്‌.18 വർഷം വളർത്തി വലുതാക്കിയ മാതാ-പിതാക്കളെ ധിക്കരിച്ച്‌ ഇന്നലെ കണ്ട ഒരുവന്റെ കൂടെ ഇറങ്ങി തിരിയ്ക്കുന്ന പെൺകുട്ടിയും, വളർത്തി വലുതാക്കിയവരെകാൾ ഒരു പെണ്ണിന്‌ സ്വന്തം ജീവനും ജീവിതവും നൽകുന്ന ആൺകുട്ടിയും.."
"തോൽക്കുന്നത്‌ പ്രണയത്തിന്‌ മുന്നിലാവും.." ഞാൻ വെറുതെ പറഞ്ഞു..
"ശ്രദ്ധയുടെയും പരിചരണത്തിന്റെയും കൗമാരത്തിൽ നിന്നും, അവഗണനയുടെ യുവത്വത്തിലേയ്ക്ക്‌ കടക്കുമ്പോൾ സ്നേഹവും, പരിചരണവും കൊതിക്കുന്നു.. പരസ്പരം ആശ്വാസമാക്കുന്നവർ [ഒരു ആൺകുട്ടിയും പെൺകുട്ടിയും ആണെങ്കിൽ] പിന്നീട്‌ പിരിയാൻ വയ്യാത്തവരാകുന്നു.." മനശാസ്ത്രത്തിന്റെ അഗാതങ്ങളെ കുറിച്ച്‌ അയാൾ വാചാലനായപ്പോൾ, ഞാൻ മറുത്തൊന്നും പറഞ്ഞില്ല.. കാരണം ഇത്ര നേരം സംസാരിച്ചിട്ടും അയാൾക്ക്‌ ഒരു പത്തൊൻപത്‌ കാരനെ മനസിലാക്കാനായില്ല.. നീണ്ട ബോറൻ സംഭാഷണങ്ങൾ ഞങ്ങളെന്നും വെറുത്തിരുന്നു. ആ സമയം ഞാൻ മേശ പുറത്തിരുന്ന റോസാ പുഷ്‌പത്തിന്റെ അഴകുള്ള അവളുടെ അധരങ്ങൾ സ്വപ്നം കാണുകയായിരുന്നു.

3 comments:

 1. ബുഹാഹ... വായിച്ചു .
  നോ അഭിപ്രായം...

  ReplyDelete
 2. കഥയോ അതോ കാര്യമായി പറഞ്ഞതോ?
  രണ്ടായാലും എഴുത്ത് കൊള്ളാം.
  മനോഹരമായ ബ്ലോഗ്‌

  ReplyDelete
 3. പ്രായമായവരുടെ അഭിപ്രായം നഷ്ടപ്രണയത്തിന്റെ നെടുവീര്‍പ്പാണോ?
  ഇത്ര പ്രായമായിട്ടും അതു മനസ്സിലാവുന്നില്ല!!

  ReplyDelete