July 2, 2013

എന്റെ സ്വപ്നങ്ങൾക്ക്‌ അവൾ നിറമേകി തുടങ്ങിയിട്ടിന്ന് രണ്ട്‌ വർഷം തികയുന്നു..

എന്റെ സ്വപ്നങ്ങൾക്ക്‌ അവൾ നിറമേകി തുടങ്ങിയിട്ടിന്ന് രണ്ട്‌ വർഷം തികയുന്നു. അതിരുകളും അളവുകളുമില്ലാത്ത ഞങ്ങളുടെ സൗഹൃദം, പ്രണയമായി മാറിയതന്നായിരുന്നു. ഇന്ന് ഓർക്കുമ്പോൾ, എല്ലാം ഒരു സ്വപ്നം പോലെ. അവളെ കണ്ടതും, ഇഷ്ടപെട്ടതും, ആ ഇഷ്ടം തുറന്നു പറഞ്ഞതുമെല്ലാം. വർഷങ്ങൾ നീണ്ട സൗഹൃദം, പ്രണയമാണെന്ന് ഞാൻ തിരിച്ചറിഞ്ഞ ദിവസം, ഞാൻ ഒരു ഫേസ്‌ ബുക്ക്‌ സ്റ്റാറ്റസ്‌ ഇട്ടു..
"ഞാൻ കണ്ടു, ആർക്കു വേണ്ടിയാണൊ ഇത്രയും കാലം ഞാൻ കാത്തിരുന്നത്‌, അവളെ... എന്റെ എല്ലാ ജന്മങ്ങളിലും കൂടുതൽ, ഈ ജന്മത്തെ മനോഹരമാക്കാൻ പോകുന്നവളെ..!!"
വരികളുടെ അർത്ഥമറിയാതെ ലൈക്ക്‌ അടിച്ചവരുടെ കൂട്ടത്തിൽ അവളുമുണ്ടായിരുന്നു. പിന്നെയും കാലം കടന്നു പോയി.. സൗഹൃദം പങ്കുവയ്ച്ച്‌, അവൾ എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു..

2 July 2011
2 വർഷങ്ങൾക്ക്‌ മുൻപ്‌, മഴയിൽ കുതിർന്നൊരു സന്ധ്യാ നേരം. ഞാൻ അന്നും പതിവ്‌ പോലെ എന്റെ സ്വപ്നങ്ങൾ ടൈപ്പ്‌ ചെയ്ത്‌, സ്റ്റാറ്റസ്‌ അപ്ഡേറ്റ്‌ ചെയ്തു. അവൾ ഇതുവരെ കാണാതെ പോയ എന്റെ ഹൃദയമാണ്‌ ഞാൻ ഫേസ്‌ ബുക്കിൽ അപ്‌ലോഡ്‌ ചെയ്യുന്നത്‌. അന്നും പതിവു പോലെ ആരൊക്കെയൊ ലൈക്ക്‌ ചെയ്തു. ഒരു മണികൂറിന്‌ ശേഷം, ഞാൻ ആദ്യമായി ഫേസ്‌ ബുക്കിനെ അവിശ്വസിച്ച നിമിഷങ്ങൾ.
"ജിത്തു, എന്താടാ ഇത്‌? നിന്റെ ഹൃദയം അത്രയ്ക്ക്‌ കീഴടക്കിയ പെൺകുട്ടിയൊ അതാരടാ, ഞാൻ അറിയാതെ..?"
"എന്റെ പ്രണയം., അതു നീ മാത്രമാണ്‌.. നീ മാത്രം.."
ഇല്ലാ, അവൾക്കെങ്ങനെ എന്നെ ഇഷ്ടമാവും.? ആർട്‌സിൽ പാടാനറിയാത്ത, സ്പോർട്ട്‌സിൽ ഓടാനറിയാത്തൊരു വേസ്റ്റ്‌. സ്നേഹിക്കാൻ മാത്രം അറിയാവുന്നൊരു വേസ്റ്റ്‌. കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി.. ഹൃദയം മിടിപ്പ്‌ നിലച്ച പോലെ.. കീബോർഡിൽ വീണ, കണ്ണീര്‌ തുടച്ചു കൊണ്ടു ഞാൻ ടൈപ്പ്‌ ചെയ്തു തുടങ്ങി.. "അവൾ ഒരിക്കലുമെന്നെ തിരിച്ചറിയില്ല. എന്റെ ഹൃദയം അവൾക്കായി പിടയ്ക്കുമ്പോൾ, ചിരിച്ചു കൊണ്ട്‌ അവൾ അകലേക്ക്‌ മായും ഒരുനാൾ.. അരുതെന്ന് പറയാനാവാതെ ഞാൻ തളർന്നിരിക്കും.. ഞാൻ അവളെ സ്നേഹിക്കുമ്പോഴും, അവളത്ക്‌ കാണാതെ, സൗഹൃദം മാത്രം നൽകി എന്നെ വേദനിപ്പിക്കുന്നു. വെറും ഫേസ്‌ ബുക്ക്‌ സ്റ്റാറ്റസുകളായി എന്റെ പ്രണയം അവസാനിക്കും, ഒരു നാൾ യാത്ര പോലും പറയാതെ ഞാൻ പോകുമ്പോൾ.." കമന്റ്‌ പോസ്റ്റ്‌ ചെയ്ത്‌ ഞാൻ ലോഗ്‌ ഔട്ട്‌ ചെയ്തു.. അവൾ മനസിലാക്കാതെ പോയ എന്റെ ഒരായിരം സ്വപ്നങ്ങളിൽ ഒന്ന് മാത്രം, അത്രയെ ഞാൻ കരുതിയുള്ളു.. എന്നൽ കുറച്ച്‌ നിമിഷങ്ങൾക്കകം, ഫോണിൽ ഒരു സന്ദേശമെത്തി.. "മനസിലാക്കാൻ വൈകി പോയി, നിന്റെ മനസിൽ ഇങ്ങനെ ഒന്നുണ്ടായിരുന്നെന്ന്.." ഒരുത്തരം പ്രതീക്ഷിച്ച്‌ എനിക്ക്‌ മുന്നിൽ, ഒരായിരം ചോദ്യങ്ങൾ നിരത്തി അവൾ.. അവൾക്ക്‌ മനസിലായി കാണുമോ അവളാണ്‌ എന്റെ സ്വപ്നങ്ങളിലെന്ന്.. എന്തൊക്കെ ആയാലും അവളുടെ മനസ്സറിയാൻ തന്നെ ഞാൻ തീരുമാനിച്ചു.. ജീവിതം മുഴുവൻ അവളെ വേണം.. അവൾ ഇല്ലാത്തൊരു ജീവിതം അസാധ്യമെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതലാണ്‌ ഞാൻ അവളെ പ്രണയിച്ച്‌ തുടങ്ങിയത്‌.. അങ്ങനെയിരിക്കെ, അവൾ എന്റെ 'ഇഷ്ടം' മൂലം എന്നിൽ നിന്നകന്നു പോയാൽ?! ഞാൻ എന്തായാലും രണ്ടിലൊന്ന് അറിയാൻ തീരുമാനിച്ചു കൊണ്ട്‌, ഞാൻ അവൾക്കൊരു മെസേജ്‌ അയച്ചു.. "എന്നോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങൾ ഹാപ്പിയാണെന്ന് നീ പറഞ്ഞില്ലേ..? ആ സന്തോഷം മരണം വരെ തുടരാൻ വരുന്നോ, എന്റെ ജീവിതത്തിലേക്ക്‌.? ഇനിയെന്നും എന്റേത്‌ മാത്രമാകാൻ..?" ഇനി എന്തൊക്കെ ആയാലും നേരിട്ട്‌, അവളുടെ മറുപടിയ്ക്ക്‌ കാക്കാതെ, വീണ്ടുമൊരു മെസേജ്‌ കൂടി അയച്ചു. "നാളെ വൈകുന്നേരം കാണാം.."

3 July 2011
മഴയിൽ കുതിർന്ന ആ പകൽ മുഴുവൻ വെറുതേയിരുന്നു. വൈകുന്നേരം അവളെ സ്ഥിരം കാണുന്ന പാളയം ബസ്സ്‌ സ്റ്റോപ്പിൽ ബസ്സ്‌ ഇറങ്ങി. ആ മഴയത്ത്‌, പാളയം രക്തസാക്ഷി മണ്ടപത്തിന്‌ മുന്നിലൂടെ ഞാൻ അവളെ തേടിയലഞ്ഞു, ഒരു പ്രണയ രക്തസാക്ഷിയെ പോലെ. അവളെ എവിടെയും കണ്ടില്ല. അവൾ വന്നില്ല. മഴയത്ത്‌ ആ വഴിവക്കിൽ എത്ര നേരം നിന്നു കാണുമെന്ന് എനിക്ക്‌ അറിയില്ല, ഓർമകളിൽ നിന്ന് ഉണർത്തിയതൊരു ഫോൺ ബെല്ലായിരുന്നു. "ഈസ്റ്റ്‌ ഫോർട്ട്‌" ഒരുപാട്‌ വികാരങ്ങൾ മറച്ചു വച്ചൊരു വാക്ക്‌.

East Fort
ഈസ്റ്റ്‌ ഫോർട്ട്‌ ഇറങ്ങിയപ്പോഴും മഴ നിർത്താതെ പെയ്യുന്നു. ഞാൻ ബസ്സ്‌ സ്റ്റോപ്പിൽ അവളെ തേടി അലഞ്ഞു.. ആ മഴയിൽ നനഞ്ഞു കൊണ്ടു അങ്ങോട്ടും ഇങ്ങോട്ടുമെന്നില്ലാതെ ഞാൻ ഓടി.. ഒരു കടയുടെ വരാന്തയിൽ കയറി നിന്നു, പോക്കറ്റിൽ നിന്നും ഫോണെ എടുത്ത്‌ അവളെ വിളിച്ചു.. സംസാരിച്ചു തുടങ്ങും മുൻപ്‌ മഴയുടെ നൊമ്പരങ്ങൾ ഉള്ളിലൊളിപ്പിച്ച്‌, കരളിനെ പിളർക്കുന്ന തേങ്ങലൊടെ അവൾ പറഞ്ഞു.. "ഗാന്ധി പാർക്കിലേക്ക്‌ വാ.." റോഡ്‌ മുറിച്ചു കടന്ന്, ഗാന്ധി പാർക്കിലേക്ക്‌ കയറിച്ചെന്നു, അവിടെയൊരു മണ്ടപത്തിൽ ഒറ്റയ്ക്ക്‌ അവൾ നിൽക്കുന്നു.. എനിക്കായി മാത്രം കാത്തു നിൽകുവായിരിയ്കണേ അവളെന്നു പ്രാർത്ഥനയോടെ ഞാൻ മഴയിൽ നനഞ്ഞു കയറിച്ചെന്നു. വാക്കുകളേകാൾ, ഹൃദയങ്ങൾ പരസ്പരം സംസാരിച്ച നിമിഷങ്ങൾ. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. മഴയിൽ നനഞ്ഞ എന്റെ കണ്ണീരു കാണാൻ അവൾക്കായില്ല. ഒന്നും പറയാതെ ഞാൻ അവൾക്ക്‌ നേർ കൈനീട്ടി, ഒരായിരം ചോദ്യങ്ങൾക്ക്‌ പകരമായി. ഒന്നും പറയാതെ അവൾ എന്റെ കൈയിൽ പിടിച്ചു, ഒരായിരം ഉത്തരങ്ങളുമായി. പരസ്പരം പറയാതെ, പരസ്പരം ചോദിക്കാതെ ഞങ്ങൾ ഒന്നായി. ആ കൽമണ്ഡപത്തിൽ നിന്നും, മഴയിൽ ഒരു കുട കീഴിൽ പുറത്തേക്ക്‌ ഇറങ്ങിയപ്പോൾ, പരസ്പരം ആദ്യം കോർത്തു പിടിച്ചത്‌ ഞങ്ങളുടെ കരങ്ങളായിരുന്നൊ, അതൊ മനസ്സുകളോ.?

3 comments:

  1. ഒരല്പം ജിജ്ഞാസയോടെയാ വായിച്ചത്.. അവരൊന്നിച്ചില്ലെ?? എന്തായാലും കഥ ഇഷ്ടായി..

    ReplyDelete
  2. ഇതൊക്കെ വായിക്കുമ്പോള്‍ എന്തൊരു സമാധാനം....

    ReplyDelete