December 7, 2013

തൂലിക..

മാനവാ നിനക്കായി ശബ്ദിക്കാൻ നീ മാത്രം..
നിൻ ശബ്ദമിടറുന്ന നാൾ,
കൈയിലേറിയ തൂലികയുടെ ചലനമറ്റുന്ന നാൾ,
നിൻ മരണമാണ്‌.
സ്വപ്നങ്ങളും പ്രതീക്ഷകളുമില്ലാത്ത ലോകത്ത്‌ നീ ഉറങ്ങുമ്പോഴും,
ഇവിടെ നിൻ മരണത്തിന്റെ പേരിൽ ലാഭമുണ്ടാക്കാൻ പേ പിടിച്ച പട്ടികൾ കടി പിടി കൂടുന്നുണ്ടാവാം..

എന്റെ ജീവിതം..

19 വർഷങ്ങൾ...
ഒരായിരം മോഹഭംഗങ്ങൾ
ഒരേയൊരു മോഹം
അവൾ..

ഇന്നലെ
കണ്ട സ്വപ്നമെങ്കിലും,
ആ സ്വപ്നത്തിനായാവാം
ഈ ജന്മം..
കഴിഞ്ഞ 19 വർഷങ്ങൾ..

വരാനിരിക്കുന്നത്‌,
ഒന്നായാലും
ഒരായിരമായാലും
അവൾക്കൊപ്പം മാത്രം..
മാത്രം..,

പ്രണയലേഖനം..

അവൾ തന്ന ഒരായിരം പ്രണലേഖനങ്ങളിലൊന്ന്.. പക്ഷെ എന്നെ വേദനിപ്പിച്ച ഒന്നേയൊന്ന്..

"എവിടെയാണെന്റെ ജീവന്റെ ജീവനെ,
എവിടെയെന്നറിയാതെ തേടുന്നു ഞാൻ..
മറക്കരുതെന്നുരിയാടാൻ അർഹതയില്ലെങ്കിലും,
മറക്കില്ല നിന്നെ ഉയിരുള്ള കാലം.. കാത്തിരിപ്പൂ നിനക്കായി മാത്രമെൻ,
ജന്മജന്മാന്തരങ്ങൾക്കപ്പുറം ഞാൻ..
ഒരു നോക്കു കാണുവാനെൻ ഉൾതടം തേങ്ങുന്നു,
ഒരു മാത്ര നീയിങ്ങു വന്നുവെങ്കിൽ..
ഒരു വാക്കു കേൾക്കാനെൻ കർണ്ണങ്ങൾ വെമ്പുന്നു,
നിൻ സ്വരം മഴയായി പെയ്യ്തുവെങ്കിൽ..
നിനക്കായി പിടയുന്ന ഹൃദയത്തുടിപ്പുകൾ,
കേൾക്കാതെയെങ്ങോ മറന്നു പോയി നീ..
നിനയാതെ ഞാൻ കണ്ട കനവുകളെല്ലാമേ,
സ്മൃതികളായി മണ്ണിൽ കൊഴിഞ്ഞു വീണു..
ഏകാകിയായി ഈ വീഥിയിൽ എന്നും നിൻ,
കാലൊച്ച കേൾക്കാനായി ഞാൻ കാത്തിരിപ്പൂ..
മറക്കില്ല നിന്നെ മറക്കാനോ കഴിയില്ല,
എനിക്കെന്റെ തനു മണ്ണോടടിയും വരെ.. "

നന്ദി, ചിന്നൂസ്സേ.. ഒരായിരം നന്ദി..
ആ വാക്കുകളിലൊളുപ്പിച്ചു വച്ച പ്രണയത്തിന്‌.

കടപ്പാട്‌

പകർത്തിയെഴുതപ്പെട്ട
ഫേസ്‌ ബുക്ക്‌
കവിത തൻ,
അവസാന വരികളിൽ
ഞാനാദ്യമായി
കടപ്പാട്‌
എന്ന
വാക്കു കണ്ടു..
കടപ്പാടില്ലാത്തവൻ
കള്ളൻ..

പെറ്റുപോറ്റിയ അമ്മയെ,
ക്ഷേത്രനടയിൽ
നടതള്ളിയ മക്കൾ,
മറന്നു പോയതുമീ
കടപ്പാട്‌..
കടപ്പാടില്ലാത്തവൻ
ദ്രോഹി..

ചായക്കടക്കാരൻ പപ്പന്റെ
നെറ്റിതടത്തിലെ
വെട്ടേറ്റ പാടും
'കട പാട്‌' അത്രേ..
കടപ്പാടില്ലാത്തവൻ
മാന്യൻ..

കടപ്പാട്‌ : ഇല്ല.  വാങ്ങിയ കടങ്ങളൊക്കെ തിരിച്ചുകൊടുത്തിട്ടുണ്ട്‌.. പ്ലിംഗ്‌ ;-)

പകൽ മാന്യൻ

നിദ്രയിൽ
വീഴും മുൻപൊരു
മുഖമൂടിയണിഞ്ഞു
ഞാൻ.
യാഥാർത്ഥ്യത്തിന്റെ,
സദാചാരത്തിന്റെ,
നാറിയ
മുഖം മൂടി..

രാവിന്റെ
അന്ത്യയാമങ്ങളിൽ
കാണുന്ന
സ്വപ്നങ്ങളിലത്രയുമുള്ള
എന്റെ തൻ മുഖം,
എല്ലാരിൽ നിന്നുമത്‌
മറച്ചുപിടിക്കുമായിരിക്കും..

നാളെ
പുലർന്നാൽ,
മുഖപുസ്തകത്താളിൽ
സദാചാരികൾക്കെതിരെ
ശബ്ദമുയർത്തി,
എല്ലാർക്കും
മുൻപിൽ
തല ഉയർത്തി
നിൽക്കേണ്ട
മാന്യനല്ലെ, ഞാൻ.

പാതിരാത്രി തോന്നിയ ഭ്രാന്ത്‌..

ആത്മഹത്യ

മിഴികൾ തളർന്നു..
എല്ലാത്തിൽ
നിന്നുമവനിന്ന്
ഒളിച്ചോടുകയാണ്‌..
സ്വപ്നങ്ങളില്ലാത്ത
ലോകത്തേയ്ക്ക്‌..
സ്വപ്നങ്ങളെ
തനിച്ചാക്കി..

സംഗീതമില്ലാത്ത
ലോകത്തേയ്ക്ക്‌
മൗനമായി..

ബന്ധങ്ങളില്ലാത്ത
ലോകത്തേയ്ക്ക്‌
ബന്ധുക്കളെ
തനിച്ചാക്കി..

നഷ്ടപ്രണയത്തിന്റെ
കണക്കു നോക്കാതെ,
പ്രണയത്തിന്‌
രൂപവും, ഭാവവുമില്ലാത്ത
ലോകത്തേയ്ക്ക്‌,
സ്വയമലിഞ്ഞില്ലാതായവൻ..

ചുവപ്പ്‌..

വെളുത്ത ചുവരിൽ ആണിയടിക്കപെട്ട കലണ്ടറിലെ അലസമായ അവധിയല്ല,  എനിക്ക്‌ ചുവപ്പ്‌.
ചരിത്രപാഠപുസ്തകത്തിലെ നരച്ച ഏടുകളിൽ നാം കണ്ട ഇരുണ്ട പോർവിളികൾ മാത്രമല്ല, എനിക്ക്‌ ചുവപ്പ്‌.
ചവിട്ടി നിന്ന മണ്ണ്‌ ഊർന്നുപോവുമ്പോൾ,  നിയമകാര്യാലയങ്ങളിൽ, പട്ടിണിപാവങ്ങളുടെ പ്രതീക്ഷകളെ കെട്ടി വലിച്ച നാടകൾ മാത്രമല്ല ചുവപ്പ്‌..
എന്റെ പച്ചഞരമ്പിന്റെയുള്ളിൽ, പ്രതിരോധത്തിന്റെ അടിയൊഴുക്കുണ്ടെന്ന് തിരിച്ചറിഞ്ഞ നാളിൽ..
ഒരു പുലരാത്ത നേരത്ത്‌,
ഇരുട്ടിന്റെ ഇടങ്ങളെ ഭയപ്പെടുത്തി,
ഒരു മേഘഗർജ്ജനമായത്‌ വെളിപ്പെട്ടു..
ഇന്ന് ചുവപ്പെനിക്ക്‌ ഒരു നിലപാടാണ്‌..

ഇന്ന് ഞാനൊറ്റയ്ക്കാണ്‌..

ഇനി വരും വസന്തങ്ങളിൽ ആ വാക പൂക്കില്ല.
കാരണം,
അതിനു കീഴിലിരിക്കാൻ നമ്മളില്ല, ഞാനൊറ്റയ്ക്കാണ്‌. ...
ഇനി വരും സന്ധ്യകളിൽ ചക്രവാക സീമകൾ ചുവന്നു തുടിക്കുന്നതു കാണാൻ നമ്മൾക്കാവില്ല...
കാരണം, കടൽ തിരകളെണ്ണി ആ തീരത്ത്‌ നമ്മൾ ഒരുമിച്ചില്ല..
ഇനിയാ ഇടവഴികളിലെവിടെയെങ്കിലും നിന്റെ കൊലുസ്സു കളഞ്ഞു പോയാൽ, അതു നോക്കിയെടുത്തു ആ കാലിൽ വീണ്ടുമിട്ടു തരാൻ ഞാനുണ്ടാകില്ല, കാരണം നീ അത്ര ദൂരെയായി കഴിഞ്ഞിരിക്കുന്നു...
ഒരു വിളിപ്പാടിനുമപ്പുറം...
കണ്ണെത്താ ദൂരത്തിനുമപ്പുറം...
എന്റെ സ്വപ്നങ്ങൾക്കുമപ്പുറം...
മറ്റാരുടെയോ ചുമലിൽ ചാരി നീ ഉദയസ്തമയങ്ങൾ കാണുന്നതു ഞാനറിയുന്നു...

#പണ്ടെന്നോ, പ്രണയിച്ചു തുടങ്ങും മുൻപൊരു നാളിലെ ചിന്തകളിൽ നിന്നും..

December 6, 2013

പേടിക്കണം..

ഇന്നലെ വരെ ഞാൻ പേടിച്ചിരുന്നില്ല...
ഈ സമൂഹത്തെ
ഈ വ്യവസ്ഥിതിയെ..
പരദൂഷഷണങ്ങളെ, കുറ്റപെടുത്തലുകളെ..
ഒറ്റപെടുത്തലുകളെ..
ഇന്ന്...
ഞാൻ പേടിക്കുന്നു..
ഒളിച്ചോടുന്നു..
കാരണം,
കൂടെയൊരു പെണ്ണുണ്ട്‌..
ഞാനില്ലെങ്കിലും അവൾക്കീ സമൂഹത്തിൽ ജീവിക്കണ്ടേ..
ഈ നിമിഷം വരെ ഞാനത്‌ തിരിച്ചറിഞ്ഞിരുന്നില്ല..
അതാവാം,
ഞാനെന്ന വ്യക്തിയുടെ പരാജയം..
നാളെ,
കൂടെ അവളില്ലെങ്കിൽ,
പേടിച്ചോടണോ,
പൊരുതിവീഴണോ?!

അറിയില്ല..  അറിയണ്ട..
അവളില്ലാത്തൊരു നാളെയെ കുറിച്ച്‌...