March 30, 2014

ഇങ്ങനെയും ചില ജീവിതങ്ങൾ..

ഇന്നലെ സന്ധ്യക്കൊന്ന് കറങ്ങാൻ പോയി, ഒരു കൂട്ടുകാരനൊപ്പം.. വിനീതിന്റെ പുതിയ തിര കാണാമെന്ന് പ്ലാനോടെയാണ്‌ പോയത്‌. പക്ഷെ എന്തൊ ടിക്കറ്റ്‌ കിട്ടീല്ല..
അങ്ങനെ സങ്കടപെട്ട്‌, തിരിച്ച്‌ വരാൻ നിന്നപ്പോഴാണേൽ, വിശപ്പ്‌, വിശപ്പെന്ന് പറഞ്ഞാൽ ഭയങ്കര വിശപ്പ്‌..
പിന്നെ അവിടൊരു (ഈസ്റ്റ്‌ ഫോർട്ട്‌, തിരുവനന്തപുരം) കെ.എഫ്‌.സിയിൽ കയറി. ഓർഡർ ചെയ്തിരിന്നപ്പോൾ ഫേസ്‌ ബുക്കിൽ സ്റ്റാറ്റസ്‌ ഇടാൻ അവൻ മറന്നില്ല.. എന്തായാലും ഇവിടം വരെ വന്നതല്ലേ, ആ ചില്ല് കൊണ്ട്‌ തീർത്ത വിസ്മയത്തിന്‌ മുന്നിൽ നിന്നൊരു ഫോട്ടം പിടിക്കാം, ഞാനും മനസിലോർത്തു..
അപ്പോഴേക്കും ഓർഡർ ചെയ്യ്ത ഐറ്റംസ്‌ വന്നു.. കൊക്കകോള അവസാന വായ കുടിച്ച്‌ തീറ്റയവസാനിപ്പിച്ചപ്പോൾ മനസിലോർത്തത്‌, കേരളത്തിലെ ജലം മൊത്തം ഊറ്റി കുടിക്കുന്ന അമേരിക്കാൻ കമ്പനിക്ക്‌ എതിരെ ഫേസ്‌ ബുക്കിൽ ഊറ്റം കൊള്ളാനുള്ളൊരു സ്റ്റാറ്റസായിരുന്നു..
അത്‌ കിട്ടാത്ത സങ്കടം ഇന്നലെയെടുത്ത ചിത്രങ്ങളിലെന്റെ മുഖത്ത്‌ പ്രകടമാണെന്ന് സുഹൃത്താണ്‌ കണ്ടെത്തിയത്‌.. അവിടെന്ന് ഇറങ്ങി വണ്ടിയെടുക്കാൻ പാർക്കിങ്ങിലേയ്ക്ക്‌ നടക്കവെ വഴിയരികിൽ 2 കാലിനും സ്വാധീനമില്ലാത്തൊരു സ്ത്രീ മുട്ടിലിഴഞ്ഞ്‌ വരുന്നു, ഒക്കത്ത്‌ ഒരു കുഞ്ഞും!!!!
അറിയാതെ കണ്ണ്‌ നിറഞ്ഞു.. കൈ പോക്കറ്റിലേയ്ക്ക്‌ നീണ്ടു.. ഇല്ല, ചില്ലറയായൊന്നും.. ഞാനെന്റെ ചങ്ങാതിയെ നോക്കി, അവൻ പേഴ്സിൽ പരതിയെങ്കിലും ഒന്നും കിട്ടിയില്ല "മച്ചാ, എന്റെ കൈയിൽ ചില്ലറയൊന്നുമില്ല."
പിന്നെ ഞാനൊരു പത്ത്‌ രൂപാ നോട്ട്‌ ആ അമ്മയ്ക്ക്‌ കൊടുത്ത്‌ മുന്നോട്ട്‌ നടന്നു...
വണ്ടിയെടുത്ത്‌ തിരികെ വീട്ടിലേയ്ക്ക്‌..
ആദ്യ ചുവപ്പ്‌ സിഗ്നലിൽ, പച്ചയ്ക്കായി കാത്തു നിന്നപ്പോൾ അവനൊരു ചോദ്യം, "മച്ചാനെ, ആ കിഴവിക്ക്‌ 10 കൊടുത്തത്‌ ഇത്തിരി കൂടി പോയില്ലേ?"

കെ.എഫ്‌.സിയിൽ വൈറ്റർക്ക്‌ ബാക്കി വന്ന 50 രൂപയോളം ടിപ്‌ കൊടുത്ത്‌, പാർക്കിങ്ങിൽ മൂന്ന് രൂപ പോയിട്ട്‌ ഏഴ്‌ രൂപ വാങ്ങാതെ, ഞങ്ങളുണ്ടാക്കിയ പത്ത്‌ രൂപ പോയ നഷ്ടബോധത്തിൽ, പച്ച കണ്ട്‌ മുന്നോട്ട്‌ എടുത്ത്‌ കുറച്ച്‌ പോയതും വണ്ടി റിസർവ്വായി. അഞ്ച്‌ ലിറ്റർ പെട്രോളടിച്ച്‌, ബാക്കി വന്ന പത്തിരുപത്‌ രൂപ വാങ്ങാതെ വണ്ടി മുന്നോട്ടെടുത്തപ്പോഴും മനസ്സിൽ ആ പത്ത്‌ രൂപ നഷ്ടപെട്ട വേദനയായിരുന്നു..

കവിത

എനിക്കൊരു
കവിത രചിക്കണം.
ഒരു കൊച്ചു കവിത.
നിന്നിൽ തുടങ്ങി
നിന്നിൽ തീരുന്ന
ഒരു ഒറ്റവരി കവിത.

ആ വരികളിൽ
ആ അക്ഷരങ്ങളിൽ
തുടിക്കണം
എന്റെ ജീവനും
ജീവിതവും..

എന്റെ പ്രണയം നിന്റെ സ്വാതന്ത്ര്യമാണ്...!!

വിശാലമായ ആകാശത്തില് നീ പറന്നു നടക്കുന്നത് കാണണം എന്ന മോഹം കൂടിയാണത്..
അതിനാല് തന്നെ നമ്മുടെ പ്രണയം ഒന്ന് ചേരല് ആഗ്രഹിക്കുന്നതിനേക്കാള് കൂടുതല് ഒരു വിശാലതയാണ് ആഗ്രഹിക്കുന്നത്...
സ്നേഹത്തിന്റെ കൂടുകള് പോലും പൊട്ടിച്ചുള്ള ചിറകടിയാണത്...
എന്റെ അടുത്ത് നീ ഉണ്ടാവണം എന്ന ആഗ്രഹമേ അല്ല എന്റെ പ്രണയം....
ചിറക് കൊതിക്കുന്ന വരെ നീ പറക്കണം എന്നാണു എന്റെ ആഗ്രഹം ...
ഞാന് വെറും ഒരു പ്രായോഗിക സാമൂഹിക ജീവിയാണ് എന്ന അവസ്ഥയില് ...
എന്നില് നിന്ന് കൂടി പറന്നു പൊങ്ങി നീ വിശാലത തേടേണ്ടതുണ്ട്...
നിന്റെ സ്വാതന്ത്ര്യത്തിന്റെ ചിറകടിയില് എന്റെ കണ്ണ് സന്തോഷം കൊണ്ട് നിറയും...
അന്ന് ഞാന് എന്റെ പ്രണയം ആഘോഷിക്കും...

ഒരു ചെറു കഥ : യാത്രാമൊഴി

അയാളുടെ അവധിക്ക്‌ വിരാമമായി.
നാടിന്റെ നനഞ്ഞ മണ്ണിലേക്ക്‌ എത്ര വേഗത്തിലാണ്‌ ദിവസദലങ്ങൾ കൊഴിഞ്ഞ്‌ വീണത്‌..
വീണ്ടും മണൽപ്പരപ്പിന്റെ പൊള്ളുന്ന യാഥാർത്ഥ്യത്തിലേക്ക്‌.. ഇഴഞ്ഞ്‌ നീങ്ങുന്ന വർഷങ്ങളുടെ ഇടവേളയിലേക്ക്‌..
മൂന്ന് വയസ്സുകാരിയായ മകളോട്‌ യാത്ര പറയവേ ആയാൾ ചോദിച്ചു, "അടുത്ത പ്രാവശ്യം ഗൾഫിൽ നിന്ന് വരുമ്പോൾ മോൾക്ക്‌ ഉപ്പ എന്താണ്‌ കൊണ്ട്‌ വരേണ്ടത്‌?"
"എന്നും കാണാൻ പറ്റുന്നൊരു ഉപ്പയെ കൊണ്ട്‌ വന്നാൽ മതി.."

അവളുടെ വാക്കുകളുടെ മുൾമുനയേറ്റ്‌ അയാൾ പിടഞ്ഞു. പിന്നെ, ചങ്ങലകളാൽ ബന്ധിക്കപ്പെട്ടൊരു തടവ്‌ പുള്ളിയെ പോലെ അയാൾ വീട്ടിൽ നിന്നിറങ്ങി..

ജനുവരിയെ പ്രണയിച്ച കാമുകന് ...

മുറ്റത്തിട്ടിരിക്കുന്ന കസേരയില് ചാരിയിരുന്നു നക്ഷത്രങ്ങളെ നോക്കി എന്തൊക്കെയോ ആലോചിക്കുന്നതിനിടക്കാണ് നിയാസ് ആരോ അയച്ച ന്യൂ ഇയര് എസ് എം എസ്
ശ്രദ്ധിച്ചത് ..
നാളെ ജനുവരി ഒന്ന് ഒരു പുതു വര്ഷം കൂടി ...
പക്ഷെ “ജനുവരി” തന്റെ ജീവിതത്തില് മറക്കാനാവാത്ത ഒരുപാട് മുഹൂര്ത്തങ്ങള് സമ്മാനിച്ച
മാസമായിരുന്നല്ലോ.. നേരം ഇരുട്ടായി തുടങ്ങുന്നു പറങ്കിമാവിന്റെ മുകളില് നിന്നും അവസാനത്തെ കിളിയും വീട് തേടി പറന്നു ... ഇരുട്ടാവുന്നതിനനുസരിച്ചു പടിഞ്ഞാറിന്റെ ചുവപ്പ്
ചെറുതായി മങ്ങി തുടങ്ങി. ഓര്മ്മകളുടെ കൂടാരത്തിലേക്ക് പതുക്കെ ചിന്തകള് പോയികൊണ്ടിരിക്കുന്നു. അന്ന് പ്രവാസ ജീവിതത്തിന്റെ തടവറയില് നിന്നും കിട്ടുന്ന ആദ്യത്തെ ലീവ് . ഫ്ലൈറ്റ് ടിക്കറ്റ് കയ്യിലെടുത്തു കൊണ്ട് പോകാനുള്ള പെട്ടി റെഡിയാക്കുന്ന
സുഹുര്തുക്കളെ നോക്കി പറഞ്ഞു “ നേരം ഒന്ന് വെളുത്തിരുന്നെങ്കില് ..” ചിരിച്ചു കൊണ്ടവര് പറഞ്ഞ മറുപടി കേട്ട് ഞാന് വീണ്ടും സ്വപ്നങ്ങളില് മുഴുകി ..രണ്ടു വര്ഷം കൊണ്ട്
ഞാനെന്ന പ്രവാസി ഒരു പാട് അനുഭവിചെങ്കിലും ഈ മരുഭൂമി എനിക്കായ് സമ്മാനിച്ച മനോഹരമായ രത്നം തന്നെയായിരുന്നു അവള് ..!
മണല്കാറ്റ് വീശുന്ന ഈ മരുഭൂമിയിലെ നൊമ്പരങ്ങളടങ്ങിയ ജീവിതം പ്രയാസമില്ലാതെ തള്ളി നീക്കുവാന് പ്രേരിപ്പിച്ചതും കൂടെ ഒരു തണലായി കൂടെ നിന്നതും അവള് മാത്രമായിരുന്നു. അപ്രതീക്ഷിതമായ ഒരു കണ്ടു മുട്ടലിലൂടെയായിരുന്നു ഞങ്ങള് പരിചയപെടുന്നത് .. വല്ലപ്പോഴും ഓഫീസ് മെയില് ചെക്ക് ചെയ്യുവാന് ഇന്ബോക്സ് തുറന്നിരുന്ന താന് അന്നാര്ക്കോ അയച്ച മെയില് വഴി മാറി അവള്ക്കു ചെന്നതും ആരാണെന്നറിയാന് അവള് തിരിച്ചു മെയില് അയച്ചതും .അതിനു മറുപടി കൊടുത്തതും .. പിന്നീട് സുഹുര്തുക്കളായതുമെല്ലാം മനസ്സില് മായാതെ നില്ക്കുന്നു ..
പക്ഷെ അവളെനിക്കൊരു സുഹുര്ത്തന്നതിലുപരി എല്ലാമെല്ലാമായിരുന്നു ഞാന് സ്വപനം കണ്ട പെണ് കുട്ടി . എന്നെ വളരെ പെട്ടെന്ന് മനസ്സിലാക്കിയവള്..എല്ലാം കൊണ്ടും ആ
ഹൃദയത്തെ ഒരുപാടിഷ്ട്ടപെട്ട് പോവുകയായിരുന്നു ദിവസങ്ങള് കഴിയുംതോറും ചാറ്റിംഗ്
സമയവും കൂടി വന്നു ... എന്റെ നഷ്ട്ടങ്ങളുടെ കണക്ക് ബുസ്തകങ്ങള് അവള്ക്കു മുന്നില് തുറന്നു
വെക്കുബോഴെല്ലാം പൊടീ തട്ടി അവള് ഓരോ താളുകളും മറിച്ചു നോക്കുമായിരുന്നു ..
ദുഖങ്ങളുടെ ഭാര കെട്ടുകളിറക്കി വെക്കുവാന് കിട്ടിയ ഒരത്താണി പോലെ അവളോട് എല്ലാം തുറന്നു പറയുകയും അതിനെയെല്ലാം ആശ്വാസ വാക്കുകള് കൊണ്ട് മൂടി ഇല്ലാതാക്കുകയും ചെയ്തപ്പോള് അവളിലേക്ക് അറിയാതെ കൂടുതല് അടുക്കുകയായിരുന്നു... സ്വഭാവം പോലെ തന്നെ മനോഹരമായിരുന്നു അവളുടെ പേര്
“തമന്ന”.
“എന്റെ തമന്ന” എന്ന് അറിയാതെ പറഞ്ഞു പോയിട്ടുണ്ട് പലപ്പോഴും..
മാസങ്ങള് വര്ഷങ്ങളായി മാറി മറിഞ്ഞപ്പോള് സുഹൃത്ത് ബന്ധം പ്രണയത്തിലേക്കെത്തിയതും ഞങ്ങളറിഞ്ഞില്ല.. ഒരുവട്ടമെങ്കിലും കാണുവാന് കൊതിച്ച അവളുടെ മുഖം അപ്രതീക്ഷിതമായി അവള് തനിക്ക് കാണിച്ചു തന്നപ്പോള് ആ നിഷ്കളങ്ക ഹൃദയത്തെ സ്വന്തമാക്കുവാന് മനസ്സ് വെമ്പുകയായിരുന്നു രാവുകള്ക്ക് നീളം കൂടിയപ്പോള് അവളോടപ്പം കിട്ടുന്ന സമയം ഒരു പാട് സന്തോഷം നല്കി …. സംസാരിക്കാന് കൊതിയുണ്ടായിരുന്നെങ്കിലും അവളുടെ വീട്ടിലെ സാഹച
ര്യങ്ങളുടെ അവസ്ഥയറിഞ്ഞപ്പോള് വേണ്ടാന്ന് വെച്ചു.. ചാറ്റിങ്ങിനിടയില് അവള് പലപ്പോഴും പറയുമായിരുന്നു “ ഇക്കാക്ക് ഞാനൊരു സമ്മാനം എടുത്തു വെച്ചിട്ടുണ്ട് ...”
എന്താണെന്ന് ചോദിച്ചെങ്കിലും പറയാന് മടിച്ചിരുന്ന അവളോരു സൂചന നല്കി “ആ
സമ്മാനം കിട്ടുന്നതോടെ ഇക്കാക്ക് എന്നെ ഒരിക്കലും മറക്കുവാന് കഴിയില്ല ... !”
തമാശ പറഞ്ഞെന്നെ ചിരിപ്പിക്കാന് മിടുക്കിയായിരുന്ന അവളുടെ വാക്കുകള് കേട്ട് ചിരിച്ചു കൊണ്ട് ഞാന് പറഞ്ഞു “എന്നാ ആ സമ്മാനം പെട്ടെന്ന് തന്നെ താ “ എന്ന് പറഞ്ഞു ആ സ്നേഹത്തിന്റെ മധുരം ഞാന് നുകരുകയായിരുന്നു ....
നീണ്ട രണ്ടു വര്ഷത്തെ ആ സുന്ദരമായ പ്രണയം ...
നാട്ടില് ചെന്നാല് അവളെ ചെന്ന് കാണുകയും അവളെ സ്വന്തമാക്കുകയും ചെയ്യണമെന്നു മനസ്സില് കരുതി ആ ദിവസത്തിനായി ദിവസങ്ങള് എണ്ണി കഴിച്ച മാസങ്ങളിതാ വിട പറഞ്ഞിരിക്കുന്നു .. സ്വപ്ന സാക്ഷാല്കാരത്തിനായി വെമ്പുന്ന മനസ്സിനോട് പറഞ്ഞു കൊണ്ടിരുന്നു ഇനി ദിവസങ്ങള് മാത്രം.... സമയം പെട്ടെന്ന് പോയി കൊണ്ടിരിക്കുന്നു എല്ലാവരോടും യാത്ര ചോദിച്ചു കാറില് കയറി . നാട്ടില് എയര് പോര്ട്ടില് എത്തിയതും ഗള്ഫ് ജീവിതത്തിന്റെ നൊമ്പരങ്ങള് പതിയെ മനസ്സില് നിന്നും മായാന് തുടങ്ങി ... വളരെ മടിച്ചാണെങ്കിലും അവളുമായുള്ള ബന്ധം വീട്ടില് അവതരിപ്പിച്ചപ്പോള് നമുക്ക് അന്വേഷിക്കാം എന്നുള്ള മറുപടി കിട്ടിയതും .. ആ സന്തോഷ വാര്ത്ത അറിയിക്കാന് അപ്പോള് തന്നെ നെറ്റില് കയറി .. ഓണ്ലൈനില് അവളെ കാണാത്തതിനാല് മെയിലുകള് ചെക്ക് ചെയ്യുന്നതിനിടക്കാന് അവള് അയച്ച മെയില് ശ്രദ്ധയില്
പെട്ടത് തുറന്നു വായിച്ചപ്പോള് “ എനിക്കായ് തന്നെ കുറിച്ചിട്ട ആ വരികള് ഒരു പാട്
വട്ടം വായിച്ചു
“ നീ കൂടെയില്ലാത്ത ഓരോ നിമിഷവും ഞാനിന്നു ഓര്മ്മിക്കുവാന് പോലും ഇഷ്ട്ടപെടുന്നില്ല മിസ് യു എ ലോട്ട് “ ,,
അതിനു മറുപടിയായി നാട്ടിലെത്തിയ വിശേഷങ്ങളും തന്നെ സ്വന്തമാക്കുവാന് ഞാന് വരുന്നെന്ടെന്നും പറഞ്ഞു മെയില് തിരിച്ചയച്ചു ..! അധികം വൈകാതെ ഉമ്മയെയും പെങ്ങളെയും കൂട്ടി അവളുടെ വീട്ടിലേക്ക് യാത്ര തിരിക്കുമ്പോള് അവളെ പരിചയപെട്ട അന്നുമുതല് ഇന്നേ വരെയുള്ള ഓരോ ദിവസവും ഒരു പോറല് പോലുമേല്ക്കാതെ മനസ്സില്
തെളിഞ്ഞു വരുന്നു ... പറഞ്ഞു തന്ന അഡ്രെസ്സ് വെച്ച് വീട് കണ്ടു പിടിച്ചു..തന്റെ വീട് പോലെ തന്നെ  ചെറിയ ഒരു വീട് മുറ്റത്ത് മനോഹരമായി നട്ടു വളര്ത്തിയ ചെടികള് .. റോസാ പൂവിനെ ആ വീട്ടില് ആരോ ഇഷ്ട്ട പെടുന്നത് പോലെ കൂടുതലും റോസാ ചെടികള് ... വീട്ടിലേക്കു കയറുന്നതിനു മുന്നേ ചുമരില് എഴുതി വെച്ചിരിക്കുന്ന തമന്ന ഹൗസ് എന്നാ പേര് കണ്ടപ്പോള് ഉറപ്പായി ഇതെന്റെ പെണ്ണിന്റെ വീട് തന്നെയാണെന്ന് ..
വീടിനു മുന്നില് കളിച്ചു കൊണ്ടിരുന്ന കുട്ടി ഞങ്ങളെ കണ്ടതും അകത്തേക്കോടി “ഇത്താ ആരൊക്ക
െയോ വന്നിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞു .. ആദ്യം ഓടി വന്ന അവള് ആദ്യമായി എന്നോട് ചിരിച്ചു
ഞാന് മനസ്സില് കണ്ടതിലും മനോഹരമായി ചിരിക്കുന്ന മുഖം ... ..
അവള് വന്നു എന്റെ ഉമ്മയുടെ കയ് പിടിച്ചു അകത്തേക്ക് നടന്നു പെങ്ങളോടു “കുട്ടി എങ്ങനെയുണ്ടെന്നു..?” ചോദിച്ചപ്പോള് “നിനക്ക് യോജിച്ചത് തന്നെയാ നല്ല സ്വഭാവമുള്ള
പെണ്കുട്ടി ..” എന്ന് പറഞ്ഞത് കേട്ടപ്പോള് മനസ്സില് എന്തന്നില്ലാത്ത സന്തോഷം ..
ചിരിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്ന അവള് “വീട് കണ്ടു പിടിക്കുവാന് ബുദ്ധിമുട്ടിയോ” എന്ന് ചോദിച്ചപ്പോള് “നീ പറഞ്ഞു തന്ന അടയാളങ്ങള് ഒന്നും ഞാന് മറന്നിട്ടില്ലായിരുന്നു” എന്ന്
പറഞ്ഞപ്പോഴെല്ലാം അവള് എന്നെ തന്നെ നോക്കുകയായിരുന്നു”കല്യാണ ദിവസം നിശ്ചയിക്കുവാന് വീട്ടില് നിന്നും ഉപ്പയെ വിടാം” എന്ന് പറഞ്ഞു പുറത്തേക്കിറങ്ങിയ എന്റെ അടുത്തേക്ക് വന്ന അവള് റോസാ കൊമ്പില് മനോഹരമായി വിരിഞ്ഞു നില്ക്കുന്ന ഒരു റോസാ പൂ പറിച്ചെടുത്തു ചിരിച്ചു കൊണ്ട് എനിക്ക് നേരെ നീട്ടി .. അത് വാങ്ങി ഞാന് ചോദിച്ചു ഇതാണോ നീ തരാമെന്നു പറഞ്ഞിരുന്ന സമ്മാനം ..? മറുപടിപറയാതെ ചിരിച്ചു കൊണ്ട് നില്ക്കുന്ന അവളോട്
യാത്ര പറഞ്ഞു ...
വീട്ടിലെത്തിയ ഉടനെ പെങ്ങള് ഉപ്പയോട് പറയുന്നത് കേട്ടു “ ഇവന് കണ്ടു പിടിച്ച കുട്ടി നമ്മള്ക്ക് യോജിച്ച കുട്ടിതന്നെയാണ് നല്ല അച്ചടക്കമുള്ള കുട്ടി“ “എന്നാല് അധികം നീട്ടി കൊണ്ട് പോവാതെ നമുക്ക് നിശ്ചയിക്കാം അവനു കൂടുതല് ലീവും ഇല്ലല്ലോ” എന്നൊക്കെ ഉപ്പ പറയുന്നത് കേട്ടപ്പോള് സന്തോഷം കൊണ്ട് തുള്ളി ചാടുവാന് തോന്നുകയായിരുന്നു ...
വൈകാതെ കല്യാണ ദിവസം നിശ്ചയിച്ചു “ജനുവരി 1” ..
കല്യാണം പറയലും ഒരുക്കങ്ങളും വളരെ വേഗത്തില് നടന്നു ..
ഇടയ്ക്കു അവളെ വിളിച്ചു കുറെ നേരം സംസാരിച്ചു ..
കാത്തിരിപ്പുകള്ക്ക് വിരാമമിട്ട് കൊണ്ട് ഇന്നാണ് ജനുവരി ഒന്ന് ..
താന് കണ്ട സ്വപ്നങ്ങള് പൂവണിയാന് ഇനി മണിക്കൂറുകള് മാത്രം ...
ഭക്ഷണമെല്ലാം കഴിച്ചു അവളുടെ വീട്ടിലേക്ക് പുറപെട്ടു ..
സുഹുര്ത്തുക്കളും കുടുംബക്കാരും എല്ലാവരും കൂടെയുണ്ട് ..
അവളുടെ വീട്ടിലെത്തി താമസിയാതെ തന്നെ ..
അണിഞ്ഞൊരുങ്ങി തല കുനിച്ചു വരുന്ന തമന്നയെ കണ്ടപ്പോള് അന്ന് ആദ്യമായി അവളയച്ചു തന്ന
ഫോട്ടോയിലെ മുഖം ഓര്മ്മ വന്നു ..
എല്ലാവരോടും യാത്ര ചോദിച്ചു അവളുമായി കാറില് കയറി തിരിച്ചു വരുമ്പോള് .
നാട്ടിലെങ്ങും ന്യൂ ഇയര് ആഘോഷിക്കുന്നു ....
വീട്ടിലെത്തി എല്ലാവരും കൂടിയിരുന്നു ഭക്ഷണം കഴിക്കുമ്പോഴും ഞാന് തമന്നയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു ..
എന്റെ വീട് ഇഷ്ട്ടപെടാത്തത് കൊണ്ടാണോ അതോ സ്വന്തം വീട് വിട്ടത് കൊണ്ടാണോ ആരോടും അധികം സംസാരിക്കുന്നില്ല ......
ഭക്ഷണം കഴിച്ചു റൂമിലെത്തിയ ഞാന് അവളോട് സംസാരിച്ചു തുടങ്ങി ..
പരിചയ പെട്ട ദിവസവും ചാറ്റിയതും എല്ലാം അവളോട് പറഞ്ഞു കൊണ്ടിരുന്നു
ഞാനിത്രയോക്കെ പറഞ്ഞിട്ടും ഒന്നും മിണ്ടാതിരുന്ന അവളോട് വെറുതെ ചോദിച്ചു “ എനിക്ക് തരാമെന്നു പറഞ്ഞ സമ്മാനം റോസാ പൂ ആയിരുന്നല്ലേ “...?
അതിനും മറുപടിയായി ഒന്നും പറയാത്തത് കണ്ടപ്പോള് “എന്ത് പറ്റി തമന്ന ഞാന് കുറെയായി ശ്രദ്ധിക്കുന്നു എന്റെ വീട് ഇഷ്ട്ടപെട്ടില്ലേ ..? അതോ ഞാന് നീ പ്രതീക്ഷിച്ചത് പോലെ അല്ലെ ..?
കൂടുതല് ചോദിക്കുന്നതിനു മുന്പ് കരഞ്ഞു കൊണ്ട് അവളെന്റെ കാലില് വീണു...!!
എന്താണ് പറ്റിയതെന്നറിയാതെ അവളെ പിടിച്ചെഴുന്നേല്പ്പിച്ചു
“തമന്ന എന്താണിത്..? എന്താണ് ഇങ്ങനെയൊക്കെ..?”
എന്നുള്ള എന്റെ ചോദ്യത്തിന് മറുപടിയായി നിറഞ്ഞ കണ്ണുകളോടെ തേങ്ങി കരഞ്ഞു കൊണ്ടവളെന്നെ നോക്കി ചോദിച്ചു ....
“നിയാസ്ക്കാ എന്നെ ഒരിക്കലും വെറുക്കില്ലെന്ന് വാക്ക് തരാമോ ..?
"അങ്ങനെ തോന്നുന്നുണ്ടോ തമന്ന നിനക്ക് ഈ ലോകത്ത് ആരെ വെറുക്കേണ്ടി വന്നാലും ഞാനെന്റെ തമന്നയെ വെറു ക്കില്ല എന്നെ മുള്മുനയില് നിര്ത്താതെ പറ തമന്ന
എന്താണ്..? എന്തിനാന്നു നീ എന്റെ കാലില് വീണത് ..? ....
കണ്ണുകള് തുടച്ചു കൊണ്ട് ഇടറിയ ശബ്ദത്തില് അവള് പറയാന് തുടങ്ങി “ഇക്ക ഇക്കയുടെ തമന്ന ഞാനല്ല.. എന്റെ ഇത്താത്തയാണ് തമന്ന ..ഇത്താത്തയും ഞാനും കൂടിയാണ് ഇക്കയോട് ചാറ്റ് ചെയ്തിരുന്നത് . ഇത്താക്ക് നിയസ്ക്കയെ അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു പക്ഷെ ഇക്ക നാട്ടില്
വരുന്നതിന്റെ കുറച്ചു ദിവസം മുന്നേയാണ് ഇത്ത ഒരു ആക്ക്സിടെന്റില് പെട്ടത് ....! മരണ കിടക്കയില് കിടക്കുമ്പോള് എന്നെ അടുത്തേക്ക് വിളിച്ചു പ്രോമിസ് ചെയ്യിപ്പിച്ചതായിരുന്നു നിയാസ്ക്കയെ ഞാന് സ്വീകരിക്കണം എന്നും കല്യാണം കഴിയുന്നത് വരെ ഇക്കാര്യം പറയരുതെന്നും ..മരണ കിടക്കയില് കിടന്നു ഇക്കാക്ക് കൊടുക്കണമെന്ന് പറഞ്ഞു എന്നെ ഏല്പ്പിച്ച എഴുത്താണിത്..... ഇക്കയിത് വായിക്കണം എന്റെ ഇത്തയെ ഒരിക്കലും ശപിക്കരുതെ .. എന്റെ ഇത്താക്ക് ജീവനായിരുന്നു ....."
കൂടുതല് മുഴുമിപ്പിക്കാതെ അവള് പൊട്ടി കരഞ്ഞു ,, അവള് തന്ന കത്ത് വാങ്ങി പൊട്ടിച്ചു ഹൃദയമിടുപ്പ് കൂടുന്നു .. വികലമായ കയ്യക്ഷരത്തിലെഴുതിയ കുറച്ചു വഴികള് പ്രിയപ്പെട്ട നിയാസ്ക്കാ മാപ്പ് ....
ഇക്കയുടെ കൂടെ ജീവിക്കാനുള്ള ഭാഗ്യം എനിക്കില്ല ..എന്റെ അനുജത്തി തസ്നിയെ സ്വീക
രിക്കണം ..പാവമാ അവള്... ഇക്കാക്ക് എന്നെക്കാള് കൂടുതല് യോജിക്കുന്നവള് അവളാ എന്റെ ഈ
സമ്മാനം തട്ടി കളയരുതേ ..... സ്നേഹത്തോടെ തമന്ന ...
തന്റെ കണ്ണില് നിന്നും ഇറ്റി വീഴുന്ന കണ്ണുനീര് തുള്ളികള് ആ അക്ഷരങ്ങളെ മായ്ക്കുമെന്നു
തോന്നി...കത്തിലെ വരികള് വീണ്ടും വീണ്ടും ആവര്ത്തിച്ചു വായിച്ചു .. ബെഡില് തല കുനിച്ചിരുന്നു തേങ്ങുന്ന തസ്നീം .. അവസാന നിമിഷം പോലും എന്നെ സ്നേഹിച്ച എന്റെ തമന്ന... ഒരു
നിമിഷം പോലും എനിക്കാ സ്നേഹം നേരിട്ടാസ്വദിക്കാന് കഴിയാത്ത ഞാനെത്രേ ഭാഗ്യമില്ലാത്തവനാ .....
മുല്ലപ്പൂവിന്റെയും കണ്ണുനീരിന്റെയും സുഗന്ധം കൂടി ചേര്ന്ന് റൂമില് വല്ലാത്തോരാവസ്ഥ ...
തല കുനിച്ചിരിക്കുന്ന തസ്നീമിനെ പിടിച്ചെഴുന്നേല്പ്പിച്ചു.
അവളുടെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീരിനെ തുടച്ചു കൊണ്ട് അവളോട് പറഞ്ഞു “ നീ എനിക്ക് തസ്നീം അല്ല എന്റെ തമന്നയാണ് എനിക്കായ് അവള് നല്കിയ മറക്കാനാവാത്ത സമ്മാനം ..”
ഓര്മ്മകളില് നിന്നും പതിയെ പിന് വാങ്ങുമ്പോള് അറിയാതെ നിറഞ്ഞു പോയ കണ്ണുനീര്
തുള്ളികളെ തുടകുന്നതിനിടയിലാണ് “ഇക്ക എന്താ ആലോചിച്ചിരിക്കുന്നത്..? എന്ന് ചോദിച്ചു
അവളടുത്തെക്ക് വന്നത് ..
“ഒന്നുമില്ല തസ്നീ ഞാന് എനിക്ക് കിട്ടിയ ഒരു ന്യൂ ഇയര് ഗിഫ്റ്റിനെ കുറിച്ച് ഒന്ന് ഓര്ത്തു പോയതാ .. മറക്കുവാന് കഴിയില്ലല്ലോ എനിക്കാ . സമ്മാനം.. ...തമന്നയെ കുറിച്ച്
പറയുമ്പോഴെല്ലാം തസനീം തന്റെ കണ്ണുകള് നിറയുന്നുണ്ടോന്നു നോക്കുമായിരുന്നു ഇന്നും അവള് വന്നു കണ്ണുകളിക്ക് നോക്കി പറഞ്ഞു ഇക്കാ ഈ കണ്ണുകള് ഒരിക്കലും എന്റെ ഇത്തയെ ഓര്ത്തു
നിറക്കരുത് ...
തമന്നയെ എനിക്ക് നല്കാതെ ദൈവം തിരിച്ചു കൊണ്ട് പോയെങ്കിലും തസ്നീമിലൂടെ എനിക്ക്
എന്റെ തമന്നയെ തിരിച്ചു കിട്ടിയിരിക്കുന്നു എന്ന് ഓര്ക്കുമ്പോള് മനസ്സില് ചെറിയ ഒരു നൊമ്പരം മാത്രമേ ബാക്കിയാവുന്നൂള്ളൂ .....

ഹൃദയം കൊണ്ടെന്ത്‌ എഴുതാൻ ???

മൗനം തീർത്ത മതിലിനപ്പുറം അവൾ എനിക്കായി കാത്തിരിക്കുമ്പോൾ..
അവളെ കുറിച്ചല്ലാതെ..

അക്ഷരങ്ങളൊടുള്ള പ്രണയമല്ല എന്നെ എഴുത്തിന്റെ ലോകത്തെത്തിച്ചത്‌.. അവളായിരുന്നു.. അവളെ കുറിച്ചുള്ള എന്റെ ഒരായിരം മോഹങ്ങളായിരുന്നു..
അതിരു കടന്ന സൗഹൃദം പ്രണയമായപ്പോൾ ജീവിതത്തിനൊപ്പം ജീവനും പങ്കുവയ്ക്കാൻ തയറാകിയവൾക്ക്‌ വേണ്ടി എഴുതിയ നാലു വരികളിൽ നിന്ന് അവളാണ്‌ എന്നെ കണ്ടെത്തിയത്‌..

"എൻ സഖി നീ മിഴിപൂട്ടിയൊ,
മായുമീ നിറസന്ധ്യയിൽ..
കാലമാം വീണതന്ത്രിയിൽ,
മഴ പോലെ നൊമ്പരം.."

ഇന്ന് മൂന്ന് വർഷങ്ങൾക്ക്‌ ഇപ്പുറം..
അവളുമായി പിണങ്ങുന്ന രാത്രികളിൽ, അക്ഷരങ്ങളാൽ എന്നെ തിരിച്ചറിഞ്ഞത്‌ പഴകിയ പത്രതാളുകളും, കണ്ണീരിൽ കുതിർന്ന എന്റെ തലയണയും മാത്രം..!! ഇരുണ്ട രാവുകളും, മഴയിൽ കുതിർന്ന പകലുകളും എന്റെ കണ്ണീർ അവളിൽ നിന്നും മറച്ചു പിടിച്ചപ്പോൾ, അക്ഷരങ്ങൾ അവളെ നോവിച്ചു..

അവൾക്കായാണ്‌ എഴുതി തുടങ്ങിയതെങ്കിലും, അറിയാതെ പോലും അവളെ നോവിക്കാൻ എനിക്കാവില്ല.
പിന്നീട്‌ അവളറിയാതെയായി എഴുത്ത്‌.. വില കുറഞ്ഞ വികാരങ്ങളല്ല, വർണ്ണിക്കാൻ വാക്കുകളില്ലാത്ത പ്രണയമാണ്‌ അവൾക്കെന്നോട്‌. അതിന്റെ പേരിൽ ഒരുപാട്‌ നഷ്ടങ്ങൾ താങ്ങേണ്ടി വന്നു ആ പാവത്തിന്‌… വീടും വീട്ടുകാരും എതിരായിട്ടും, ഒരാളുടെ പ്രണയത്തിനായി ബാക്കി ലോകത്തിന്റെ സ്നേഹം വേണ്ടെന്ന് വച്ചത്‌ കൊണ്ടാവാം, അവൾ ഇല്ലാത്തൊരു ജീവിതം മരണമാണെന്ന് ഞാൻ തിരിച്ചറിയുന്നത്‌.. അതു കൊണ്ടാവും, ഹൃദയഭാഷ്യത്തിലെഴുതുമ്പോൾ അതിൽ എന്നെക്കാൾ കൂടുതൽ, അവളെ കുറിച്ച്‌ പറയേണ്ടി വരുന്നത്‌..

നീതിക്കു വേണ്ടിയുള്ള പ്രസ്ഥാനത്തിന്‌ നാമെന്താണ്‌ ഇടതുപക്ഷമെന്ന് പേരിടുന്നത്‌?

ഭരണപക്ഷം വലതുവശത്തും, പ്രതിപക്ഷം ഇടത്‌ വശത്തും ഇരിക്കുന്നൊരു പതിവുണ്ടായിരുന്നു, ജനാധിപത്യത്തിന്റെ ഈറ്റില്ലമായ റോമിൽ. പ്രഭുക്കന്മാർ, പുരോഹിതർ ഉൾപ്പടെയുള്ള മുതലാളിത്ത സമൂഹം കൈയ്യാളിയിരുന്ന റോമിലെ ആദ്യ കാല ഭരണ പക്ഷം പാവപെട്ടവർക്ക്‌ എന്നും ദു:സ്വപ്നമായിരുന്നു.. നീതിക്ക്‌ വേണ്ടി വാദിക്കുന്നവർക്ക്‌ ഭരണം നേടാനാവതെ, എപ്പോഴും പ്രതിപക്ഷമായ 'ഇടതുപക്ഷത്ത്‌' ഇരിക്കാനെ കഴിഞ്ഞിരുന്നുള്ളു.
'ഇടതുപക്ഷ'ത്തിന്‌ അധികാരത്തിൽ വരാമെന്നും, വലത്‌ ഭാഗത്ത്‌ ഇരിക്കാമെന്ന് ആയപ്പോഴും ആ പേര്‌ നിലനിന്നു..

ഇന്നത്തെ അർത്ഥത്തിൽ പ്രയോഗിക്കാൻ തുടങ്ങിയപ്പോഴാകട്ടെ, പാവപെട്ടവനായി വാദിക്കുന്ന, മുതലാളിത്വത്തിന്‌ എതിരെ പ്രതികരിക്കുന്ന ഒരോരുത്തരും ഇടത്‌ പക്ഷ സഖാക്കളായി..
നീതിക്ക്‌ വേണ്ടി പ്രതികരിക്കുന്നവരെ ഇന്നും ഇടത്‌ പക്ഷമെന്ന് വിളിക്കുന്നതിന്‌ പിന്നിൽ, ആ വിളി നിലനിർത്തിയതിന്‌ പിന്നിൽ ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥങ്ങളുടെ അശ്രാന്ത പരിശ്രമമുണ്ട്‌.. സ്വന്തം ജീവിതം പോലും വകവയ്ക്കാതെ പ്രവർത്തിച്ച കുറേ വിപ്ലവകാരികളുടേയും, സ്വന്തം ജീവിതം നീതിക്കായി പ്രവർത്തിക്കുന്നൊരു പ്രസ്ഥാനത്തിന്‌ അർപ്പിച്ച രക്തസാക്ഷികളുടേയും വിജയമായി കരുതാം..
കുറച്ച്‌ കൂടി മുന്നോട്‌ പോയി പറഞ്ഞാൽ അവർ ഭരിച്ചാലും നീതിക്കുവേണ്ടിയുള്ള സമരം തുടരുന്നെന്ന് പറയാം..

# ഇതേ വ്യാഖ്യാനം തെറ്റായി ചിത്രീകരിക്കുന്നവരുണ്ട്‌. അവരെ ചരിത്രമറിയാത്ത, ഇരുണ്ട ഇന്നിൽ, സ്വന്തം നന്മയ്ക്കായി മാത്രം പ്രവർത്തിക്കുന്നവരായി കാണാനെ വകയുള്ളു. അല്ലെന്ന് പറയുന്നവരോട്‌ തർക്കിച്ച്‌ സമയം കളായാനില്ല..

ചരിത്രം അറിയുക.. പാവപെട്ടവന്റെ വേദനയിൽ ആശ്വാസമാകുന്ന ഇടത്‌ പക്ഷ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുക....

ഇടതുപക്ഷം ഹൃദയപക്ഷം