May 31, 2015

മഴയും കാമുകനും..

"ഹരിക്ക്‌ മഴ ഒരുപാട്‌ ഇഷ്ടമായിരുന്നു."
"ഉം"
"ഞങ്ങൾ പരസ്പരം ഏറ്റവും അറിഞ്ഞതും ഈ മഴയെ സാക്ഷി നിർത്തിയാവും.."
"ഉം"
"ഈ മഴയിൽ ഞാൻ ഹരിയുടെ സാന്നിദ്ധ്യം അറിയുന്നു."
"അതിനു രണ്ടിടത്തും ഒരേ സമയത്ത്‌ മഴ പെയ്തിരുന്നോ?!"
"ഇല്ല സഖാ, അവിടെ പെയ്യുന്ന മഴയെ വാക്കുകൾ കൊണ്ടെന്നെ നനയിപ്പിക്കുമായിരുന്നു അവൻ..!!"

May 29, 2015

പ്രത്യാശാസ്ത്രങ്ങൾ

ദേശീയതയും മതവുമാണിന്ന് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്‌. അല്ലെങ്കിൽ ന്യായീകരിക്കുന്നത്‌. വർഗ്ഗരഹിത - രാഷ്ട്രരഹിതമായ സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടിയിലൂടെ മാത്രമേ, ഇത്തരം വർഗ്ഗീയ - ദേശീയ തീവ്രവാദ പ്രവർത്തനങ്ങളെ ഫലപ്രദമായി അമർച്ചചെയ്യാനാവു.
ഉപാധികളില്ലാത്ത പ്രത്യാശാസ്ത്രങ്ങൾ <3

രാജ്യദ്രോഹി സവർക്കർ

നാളെ ദേശ ദ്രോഹികളിലൊരാളായ സവർക്കരിന്റെ ജന്മദിനം. ഇന്ത്യയുടെ മഹാത്മാവിന്റെ നെഞ്ചിലേക്ക്‌ നിറയൊഴിക്കാൻ പുറപ്പിടും മുൻപ്‌ ഗോഡ്സേയും സംഘവും അനുഗ്രഹം വാങ്ങാനെത്തിയത്‌ ഈ സവർക്കറുടെ മുന്നിലായിരുന്നു. രാമരാജ്യത്തിനായി ഒരു ജനതയുടെ സ്വാതന്ത്ര്യ സ്വപ്നങ്ങൾക്ക്‌ നിറമേകിയ മനുഷ്യന്റെ നെഞ്ചിനെ കീറിമുറിക്കാൻ പങ്ക്‌ വഹിച്ച ദേശദ്രോഹി, ഹിന്ദു തീവ്രവാദി.

ഇത്രയും നാളില്ലാത്ത ആഘോഷങ്ങളാണ്‌ നടക്കുന്നത്‌. ദേശീയതയെന്നാൽ ഹിന്ദുത്വമാണെന്ന് നിലപാടുകൾക്ക്‌ ശക്തിപകരുന്ന വർഗ്ഗീയ സർക്കാർ നയങ്ങൾ, സവർക്കറെ പോലുള്ളവന്മാരെ, ദേശീയ വികാരത്തെ വൃണപെടുത്തികൊണ്ട്‌ മഹാന്മാരാക്കുന്നു.
സംഘപരിവാർ പ്രസ്ഥനങ്ങളുടെ സ്ഥുതിപാടകർ മുറവിളി ഉയർത്തി തുടങ്ങിരിക്കുന്നു.

May 22, 2015

ബീഫ്‌ വിവാദം രാഷ്ട്രീയം വീണ്ടും കൊഴുക്കുമ്പോൾ : സങ്കികളും ഗോമാതാവും


ബി.ജെ.പി സർക്കാർ ബീഫ്‌ നിരോധിച്ചത്‌ തികച്ചും ജനധിപത്യ വിരുദ്ധ നടപടിയാണ്. മാട്ടിറച്ചി കഴിക്കാൻ ഇഷ്ടമില്ലാത്ത ഒരാളുടെ വായിലേക്ക്‌ മാട്ടിറച്ചി കുത്തികയറ്റുന്നത്‌ തീർച്ചയായും ജനാധിപത്യവിരുദ്ധമാണ്‌, മാട്ടിറച്ചി കഴിക്കുന്നവർക്ക്‌ അത്‌ കഴിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ബലം പ്രയോഗിച്ചൊ നിയമം മൂലമോ തടയുന്നതും നിയമവിരുദ്ധം തന്നെയാണ്‌.
എന്ത്‌ കഴിക്കാണമെന്നുള്ള അവകാശം നമ്മിൽ നിന്ന് തട്ടിതെറിപ്പിക്കാൻ നോക്കുന്ന ഫാഷിസം അനുവദിച്ച്‌ കൊടുക്കാനാവില്ല. ബീഫ്‌ നിരോധിക്കുമ്പോൾ ബീഫ്‌ കഴിച്ച്‌ തന്നെ പ്രതിഷേതം അറിയിക്കണം. ബീഫ്‌ സമരത്തിന്റെ ചില ചരിത്രപരമായ പ്രാധാന്യം നമുക്ക്‌ പരിശോധിക്കാം. പ്രതിഷ്ഠാകർമ്മം ചെയ്യുവാൻ അബ്രാഹ്മണർക്ക്‌ അധികാരമില്ലെന്ന വാദത്തിനെതിരെ പ്രതിഷ്ഠാകർമ്മം ചെയ്താണ്‌ ശ്രീ നാരായണ ഗുരു പ്രതികരിച്ചത്‌. വിധവകളെ വിവാഹം ചെയ്യരുതെന്ന യാഥാസ്ഥിതിക നിയമത്തെ വിധവകളെ വിവാഹം കഴിച്ചാണ്‌ എം.ആർ.ബിയും കൂട്ടരും വി.ട്ടി. ഭട്ടതിരിപാടിന്റെ നേതൃത്വത്തിൽ ചെറുത്തത്‌. ഉപ്പ്‌ കുറുക്കരുതെന്ന നിയമത്തിനെതിരെ നാം ഉപ്പ്‌ കുറുക്കിയത്‌ പോലെ, ബീഫ്‌ കഴിക്കരുതെന്ന നിയമത്തിനെതിരെ നാം ബീഫ്‌ കഴിച്ചും പങ്ക്‌ വച്ചും പ്രതികരിക്കുന്നു.
ജനാധിപത്യ സംരക്ഷണ നടപടിയല്ല മുസ്ലീം പ്രീണനം ആണെന്ന് പറയുന്നവർ അറിയേണ്ട ചില കാര്യങ്ങളുണ്ട്‌. മാട്ടിറച്ചി നിരോധനം വേണ്ടന്ന് പറയുന്നത്‌ മുസ്ലീം പ്രീണന നടപടി ആണെങ്കിൽ ഏറ്റവും വലിയ മുസ്ലീം പ്രീണനവാദി ഒരു ബി.ജെ.പികാരൻ ആണ്‌. ഗൊവ ഭരിക്കുന്ന ബി.ജെ.പി മുഖ്യമന്ത്രി. പുള്ളിക്കാരൻ പ്രഖ്യാപിച്ച്‌ കഴിഞ്ഞല്ലൊ നിരോധിക്കില്ലെന്ന്. നിരോധിച്ചാൽ, മാട്ടിറച്ചി കഴിക്കുന്ന ക്രൈസ്തവർക്ക്‌ നിർണ്ണയക സ്വാധീനമുള്ള ഗോവയിൽ അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നിലം തൊടില്ല. ഗോമാതാവിനെക്കാൾ വലുതാണ്‌ ഗോകൻ ഭരണമെന്ന് തെളിയിച്ച പുള്ളിക്കാരനല്ലെ ഏറ്റവും വലിയ വർഗ്ഗീയവാദി, മുസ്ലീം പ്രീണനവാദി..
ബീഫ്‌ നിരോധനവും ഹൈന്ദവതയും : ഹൈന്ദവ സന്യാസത്തിന്റെ ഉജ്ജ്വല മാതൃകയായി സംഘപരിവാർ പോലും അംഗീകരിക്കുന്ന സ്വാമി വിവേകാനന്ദൻ ധാരളം മത്സ്യ മാംസാദികൾ ഭക്ഷിച്ചിരുന്നു. ഹൈന്ദവ സന്ന്യാസിമാർ മത്സ്യ മാംസാദികൾ കഴിക്കരുതെന്ന നിയമം ഉണ്ടായിരുന്നെങ്കിൽ, തീർച്ചയായും വിവേകാനന്ദനും അത്‌ ആഹരിക്കില്ലായിരുന്നല്ലോ?
ഹൈന്ദവ പാരമ്പര്യത്തിന്റെ പ്രമാണ ഗ്രന്ഥങ്ങളിലും ഗോമാതാവിനെ തിന്നുന്ന 'മക്കൾ' ഉണ്ടെന്നതാണ്‌ വിരോധാഭാസം. ഋ ഗ്വേദത്തിലെ പത്താം മണ്ഡലത്തിലെ ഒരു സൂക്തത്തിൽ ഇന്ദ്രൻ ഇങ്ങനെ പ്രസ്താവിക്കുന്നു. "അവർ എനിക്ക്‌ വേണ്ടി മുന്നൂറ്‌ പശുക്കളെ അറുത്ത്‌ വേവിച്ചിരിക്കുന്നു." - ഇതേ മണ്ഡലത്തിലെ മറ്റൊരു സൂക്തത്തിൽ 'വാളു കൊണ്ട്‌ അറുത്തോ മഴുകൊണ്ട്‌ അടിച്ചോ പശുവിനെ കൊല്ലാം' ഇതിൽ നിന്നും ഋ ഗ്വേദത്തെ പ്രമാണമായി അംഗീകരിക്കുന്ന ഒരു ഹിന്ദുവിനും പശുവിനെ കൊല്ലുന്നതും തിന്നുന്നതും ഭാരതീയ പാരമ്പര്യത്തിനു നിരക്കാത്തതാണെന്ന് വാദിക്കാനാവില്ല.
അതുപോലെ വേദങ്ങളെ ആധാരമാക്കി ചെയ്യേണ്ട കാര്യങ്ങളെ വിശദീകരിക്കുന്ന ഋഷി പ്രോക്ത ഗ്രന്ഥങ്ങളാണ്‌ ധർമ്മസൂത്രങ്ങൾ. അതിലേറ്റവും പ്രധാനപെട്ട ആപസ്തംബ ധർമ്മസൂത്രത്തിൽ ഇങ്ങനെ പറയുന്നു. "പശുവും കാളയും വിശുദ്ധമാകുന്നു. അതുകൊണ്ട്‌ അവയെ ഭക്ഷിക്കേണ്ടതാണ്‌"
വൈദിക യജ്ഞകർമ്മാനുഷ്ഠാനങ്ങളെ വിശദമായി പ്രതിപാദിക്കുന്ന ഗദ്യസ്വഭാവത്തോടു കൂടിയ വൈദിക സാഹിത്യമാണ്‌ ബ്രാഹ്മണങ്ങൾ - ഇതിൽ അങ്ങേയറ്റം ആധികാരികതയുള്ള തൈത്തിരീയ ബ്രാഹ്മണ്യത്തിൽ ഏതേത്‌ ദേവതകൾക്ക്‌ ഏത്‌ തരം പശുക്കളേയും കാളകളേയുമാണ്‌ അറുത്ത്‌ ഹോമിക്കേണ്ടതെന്ന് വിവരിച്ചിട്ടുണ്ട്‌. പൊക്കം കുറഞ്ഞ കാള വിഷ്ണുവിന്‌, വളഞ്ഞ്‌ തൂങ്ങി കിടക്കുന്ന കൊമ്പുകളും നെറ്റത്ത്‌ ചുറ്റിയുള്ളതുമായ കാള ഇന്ദ്രന്‌, കറുത്ത കാള പുഷാവിന്‌, ചുവന്ന കാള രുദ്രന്‌ എന്നിങ്ങനെ പോണു വിവരണങ്ങൾ..ഇതേ ബ്രാഹ്മണ്യത്തിൽ തന്നെ പഞ്ചസരദീയ സേവ എന്ന യജ്ഞക്രിയയിൽ 17 പശുകുട്ടികളേയും 17 കാളകുട്ടികളേയും കുരുതി കഴിക്കണമെന്നും പറയുന്നുണ്ട്‌.
ഉപനിഷത്തുകളിലേക്ക്‌ വന്നാൽ, ഏറ്റവും വലിയ ഉപനിഷത്തായ ബൃഹ ദാരണ്യകത്തിൽ സൗന്ദര്യവും ആരോഗ്യവും ആയുസ്സും വേദഗ്രഹണ സാമർത്ഥ്യവുമുള്ള സന്താനങ്ങൾ ഉണ്ടാവാൻ, ദമ്പതികൾ ഗോമാംസം നെയ്യിൽ വറുത്ത്‌ ചോറുമായി ചേർത്തുരുട്ടി കഴിക്കണമെന്ന നിർദ്ദേശങ്ങൾ കാണാം. രാമായണവും മഹാഭാരതവും ഗോ ഹിംസയേ തെറ്റായി കാണുന്നില്ലെന്നത്‌ മാത്രമല്ല, പ്രോത്സാഹിപ്പിക്കുന്നുമുണ്ട്‌.
ഋഗ്വേത ഋഷി മുതൽ സ്വാമി വിവേകാന്ദൻ വരെ ഉൾപെടുന്ന മഹിത മാനവരിലൂടെ അവതരിക്കപ്പെട്ടതും, പ്രചുര പ്രചാരം നേടിയതുമായ വ്യാസവിശാല ഹൈന്ദവ പാരമ്പര്യത്തെ മാനിക്കുന്ന ഒരു ഹിന്ദുവിനും മാട്ടിറച്ചിയോ ഗോഹത്യയോ നിരോധിക്കേണ്ട കൊടും പാതകമാണെന്ന ഹിന്ദു രാഷ്ട്രവാദികളുടെ നിലപാടിനെ അനുമോദിക്കാനാവില്ല. എന്ത്‌ കൊണ്ടെന്നാൽ അവരുടെ ഹൈന്ദവ പാരമ്പര്യം ഗോദ്‌സേയിലൂടെ ആരംഭിച്ചതാണല്ലോ?

ഒരു തള്ളലിന്റെ സത്യ കഥ !

"നരേന്ദ്ര മോദിയുടെ 45 ദിവസത്തെ വിദേശ യാത്രകൾ: ഭാരതം എന്ത് നേടി ?"
ഈ പേരില് ഒരു ചെറിയ "തള്ളൽ" സന്ദേശം സോഷ്യൽ മീഡിയയിൽ കണ്ടു . ഇതൊന്നും ആരും സത്യം ആണോ എന്ന് വെരിഫൈ ചെയ്യാൻ നിൽക്കില്ല എന്നതാണ് സംഘപരിവാറിന്റെ വിജയം.
1. ഭാരതത്തിനു യു എൻ സെക്യൂരിറ്റി കൌണ്സിൽ മെമ്പർ ആകാൻ വേണ്ടി അമേരിക്കയും ചൈനയും പിന്തുണ പ്രഖ്യാപിച്ചു.
> ചുമ്മാ തള്ളല്ലേ സന്ഘി ഭായി . മോഡി ഈ ആവശ്യം ഉന്നയിച്ചിരുന്നു പക്ഷെ പറ്റിലാ എന്നു ചൈന പറഞ്ഞിട്ടുണ്ട് . read this http://goo.gl/cxId39

2. അമേരിക്ക- ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ കണക്കിലെടുത്ത് കൊണ്ടുള്ള അംഗീകാരം
> എന്തോ?

3. ജപ്പാനിൽ നിന്നും 35 ബില്ല്യൻ ഡോളർ വിദേശ നിക്ഷേപം അടുത്ത 5 വർഷത്തിനുള്ളിൽ,ബുല്ലെറ്റ് ട്രെയിൻ ടെക്നോളജി ഉൾപ്പെടെ. Japan Finance Minister clarified that the $35 billion or 3.5 trillion yen committed was a combination of government outlay for Indian transport infrastructureand the projected expectation from private companies. Much of the public investment will be in the $100 billion Delhi-Mumbai industrial corridor, metro transport, and bullet train technology. 
>ഇത് എല്ലാം Dr മൻമോഹൻ സിംഗ് തുടങ്ങി വെച്ച പ്രൊജക്റ്റ്‌ ആണ് ) http://goo.gl/azOwZf & http://goo.gl/rOn0Zi & http://goo.gl/SiokGS

4. ഭാരതത്തിന്റെ ആണവ നിലയങ്ങൾക്ക് 500 ടണ് യുറേനിയംനല്കാൻ ഫ്രാൻസുമായി കരാർ. 
>ഫ്രാൻസുമായി ഇങ്ങനെ ഒരു കരാർ നടന്നിട്ടില്ല . ഇന്ത്യയിൽ 21 റിയാക്ടർ പ്രവർത്തിക്കുന്നുണ്ട് , 6 റിയാക്ടർ പണി നടക്കുന്നു , 12 ഓളം റിയാക്ടര്സ് നിര്മിക്കാനുള്ള കരാർ Dr മൻമോഹൻ സിംഗ് 2010-2013 കാലയളവിൽ ഒപ്പിട്ടിട്ടുണ്ട് . മോഡിയുടെ കാനഡ യാത്രയിൽ യുറേനിയം മേടിക്കാൻ കരാർ ആയിട്ടുണ്ട്. http://goo.gl/o9WWlp & http://goo.gl/4BG8HL & http://goo.gl/ukjEce 
>ആണവ കരാറിനെ എതിർത്തവർ അല്ലെ നിങ്ങൾ ??

5. ആഗോള വൻകിട കമ്പനി തലവന്മാരായ മൈക്രോസോഫ്റ്റ്, പെപ്സികോ , ഫേസ് ബുക്ക് ,ആമസോണ് എന്നി കമ്പനികൾ ഭാരതത്തിൽ നിക്ഷേപം നടത്താൻ കരാർ.
> ഇവരൊക്കെ കുറെ കാലം ആയിട്ട് ഇവിടെ നിക്ഷേപം നടത്തിയവരാ.

6. ടെക്നിക്കൽ വിദ്യാഭാസ മേഖലയിൽ ഗവേഷണ പദ്ധതിക്ക് 5 മില്ല്യൻ ഡോളർ ഇസ്രയേൽ വിദേശ നിക്ഷേപം ഇന്ത്യയിൽ.
> India invites Israel to invest in strategic sectors. പക്ഷെ ഇത് വരെ ഒരു വിവരവും ഇല്ല. http://goo.gl/rTmQyQ

7. ചൈനയിൽ നിന്നും 20 ബില്യൻ ഡോളർ വിദേശ നിക്ഷേപത്തിനു കരാർ $22 billion വരുന്ന 26 കരാര് അധാനിയും ഭാരതി മിട്ടലും ചൈനയിൽ ഒപ്പു വെച്ചു . ഇതിൽ ഇന്ത്യ എവിടെ.? http://goo.gl/8E0Dga കൂടുതൽ കരാറുകളും ചൈനീസ് ബാങ്കുകൾ ഇന്ത്യയ്ക്ക് നല്കുന്ന പലിശ ഉള്ള വായ്പ ആണ് . ഈ വായ്പയുടെ പ്രധാന പോയിന്റ്‌ എന്ന് പറയുന്നത് , ഈ പ്രൊജക്റ്റ്‌ ഇൽ ചൈനീസ് കമ്പനികളുടെ involvement must ആണ്.
8. മൌരിഷ്യസ്, സ്ചെചെല്ലേസ്, ശ്രീലങ്ക - ഇന്ത്യൻ ഉല്പന്നങ്ങളുടെ കച്ചവട സാധ്യത ഏറെ നിലനില്ക്കുന്ന ഈ രാജ്യങ്ങളിൽ കപ്പൽ വഴിയുള്ള ചരക്കു നീക്കത്തിനുള്ള മാര്ഗം കൂടുതൽ സുഗമമാക്കുക, ഇന്ത്യയുടെ 90 ശതമാനത്തോളം വരുന്ന ക്രുട് ഓയിൽ ഇറക്കുമതി സമുദ്രത്തിലൂടെ ആയതിനാൽ അതിന്റെ തടസ്സങ്ങൾ മാറ്റുക, ഈ ദ്വീപുകളിലെ റോഡ്, റെയിൽ, എയർ യാത്ര സൌകര്യങ്ങൾ മെച്ചപ്പെടുത്തുക , ഇന്ത്യയുടെ നേതൃത്വത്തിൽ ഒരു ഓയിൽ ടാങ്ക് ഫാറം നിർമിക്കുക എന്നീ കാര്യങ്ങൾ ചര്ച്ച ചെയ്തു,ഉടമ്പടികളിൽ ഒപ്പിട്ടു.
> ഇവിടങ്ങളിൽ ഇന്ത്യ വികസന പ്രവർത്തങ്ങൾക്ക് വേണ്ടി കാശ് ഇറക്കുന്നുണ്ട് . പക്ഷെ ക്രുട് ഓയിൽ ഇറക്കുമതിയുമായി ഇതിന് യതൊരു ബന്ധവും ഇല്ല . ചരക്കു നീക്കം സുഗമകാൻ Dr മൻമോഹൻ സിംഗ് കൊണ്ട് വന്ന "രാമ സേതു" വികസന പ്ലാൻ ദൈവത്തിന്റെ നാമത്തിൽ തടഞ്ഞവർ ആണ് BJP.

9. ഇന്ത്യയുടെ സമഗ്ര വികസനത്തിൽ ഫ്രാൻസ് 2 ബില്ലൻ യൂറോസ് നിക്ഷേപം നടത്തുവാൻ കരാർ.
> ഇത് മെയിൻ ആയിട്ട് റെയിൽവേ, റിയാക്ടർ, പ്രതിരോധം എന്നി മെഖലകളിൽ ആണ് . അനിൽ അംബാനി റെയിൽ ആൻഡ്‌ ഗൌതം അധാനി പ്രതിരോധ മെഖലകളിൽ പണം ഇറക്കാൻ തീരുമാനിച്ചതും , കരാറുകൾ ഒപ്പ് വെക്കാൻ പ്രതിരോധ മന്ത്രിക്ക് പകരം മോഡിയെ ഫ്രാന്സിലോട്ട് അനുഗമിച്ചതും കൂട്ടി വായിക്കുക. Hindustan Aeronautics Limited നെ റാഫേൽ കരാറിൽ നിന്ന് ഒഴിവാക്കി മുകേഷ് അംബാനിയുടെ Reliance Industries നെ കരാറിൽ ഉൾപ്പെടത്തിയത് ഞങ്ങൾ ആരും അറിഞ്ഞിട്ടില്ലേ! http://goo.gl/wcORA1 & http://goo.gl/7XXnr6 & http://goo.gl/LUEJTp

10. ഫ്രഞ്ച് കമ്പനി എയർ ബസ് 400 മില്ല്യൻ മുതൽ 2 ബില്ല്യൻ യുറോയുടെ ക്രയ വിക്രയം ഇന്ത്യയിൽ നിന്നും നടത്താൻ കരാർ. ഇതു സത്യം ആണ്.
"Airbus plans to increase its Indian outsourcing from $400 million to $2 billion in next five years," MEA spokesman Syed Akbaruddin tweeted on Saturday. In India, Airbus Group already operates two engineering centres - one focused on civil aviation and the other one defence - besides, a research and technology (R&T) centre which together employ over 400 highly qualified people

11. ഫ്രഞ്ച് നാഷണൽ റെയിൽവേ ഡല്ഹി ചന്ദിഗർഹ് റെയിൽവേ ലൈൻ 200 കിലോ മീറ്റർ സ്പീഡിൽ ആക്കാൻ സാമ്പത്തിക സഹായവും സാങ്കേതിക പിന്തുണയും.
Yes, France will partner India in a study for upgrading the speed on Delhi-Chandigarh rail line to 200km per hour and help in re-development of Ambala and Ludhiana railway stations.

11. കാനഡ 3000 മെട്രിക് ടണ് യുറേനിയം ഇന്ത്യൻ ആണവ നിലയങ്ങൾക്ക് നല്കാനുള്ള ഉടമ്പടി.
അതെ http://goo.gl/ukjEce. പക്ഷെ ആണവ കരാറിനു എതിരെ ഭാരത് ബന്ദ്‌ നടത്തി ലോകസഭയിൽ Dr മൻമോഹൻ സിംഗ് നനെ അമേരിക്കൻ എജന്റ്റ് എന്നു വിളിച്ചത് കൂടി ഒന്നു ഓർത്തെക്കണം.

12. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഭാരതത്തിലെ അതിപുരാവസ്തു ശിൽപം "പാര്രറ്റ് ലേഡി " കാനഡ ഭാരതത്തിനു കൈമാറി
>It was returned in accordance with the 1970 UNESCO Convention, tweeted India's external affairs ministry spokesperson Syed Akbaruddin. http://goo.gl/87CslK

13. ജർമ്മൻ ഹാനോവർ ട്രേഡ് ഫെയർ " ബ്രാൻഡ് ഇന്ത്യ " യും " മെക് ഇൻ ഇന്ത്യ "യും വളരെ ആഗോള പൊതുജനശ്രദ്ധ കൈപ്പറ്റി.
> Make in India Lion doesn’t roar as expected at Hannover Messe. http://goo.gl/73fDko

14 . മോദി സന്ദര്ശിച്ച 15 രാജ്യങ്ങളിലും ഭാരതത്തിന്റെ "ബ്രാൻഡ് ഇന്ത്യ" ടൂറിസ്റ്റ്മേഖലക്ക് പുതിയ കാഴ്ചപ്പാട് നല്കി.
> ഒരു മയത്തിൽ ഒക്കെ തള്ള ഭായി .

തള്ളൽ എന്നത് ഇവരുടെ ഒരു ആയുധം ആണ് . കല്ല്‌ വെച്ച നുണ വളരെ കൂൾ ആയിട്ട് തള്ളും. ചുമ്മാ ഫോർവേഡ് ചെയും മുന്പ് സത്യം എന്താണെന്നു അറിയാൻ ശ്രമിക്കുക .
ജയ് ഹിന്ദ്‌ ! ലാൽ സലാം...

May 14, 2015

മാവോ ചിന്തകള്‍

ലെനിനെയും സ്റ്റാലിനെയും പോലെ മാവോയും തന്‍റെ ജീവിതകാലം മുഴുവന്‍ സാമ്രാജ്യത്വ ശക്തികളാലും അവരുടെ ശിങ്കിടികളാലും ജീവിതകാലം മുഴുവന്‍ ഹീനമായ രീതിയില്‍ ആക്രമിക്കപ്പെട്ട മഹാനായ കമ്മ്യൂണിസറ്റുകാരനാണ്. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളും ചൈനീസ് വിപ്ളവപാഠംങ്ങളും അനുഭവങ്ങളുമൊക്കെ 1947 ന് മുന്വും അതിന് ശേഷവും വളച്ചൊടിക്കപ്പെടുകയും അദ്ദേഹത്തിന്‍റെ മരണം വരെ ആക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തു. ആറ് ദശാബ്ദങ്ങളോളം വിപ്ളവ പാതയിലൂടെ ചൈനയെ നയിക്കുന്നതിന് വേണ്ടി പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സംഘടനപരവുമായ പോരാട്ടങ്ങള്‍ തുടര്‍ച്ചയായ് നടത്തിയതിന് ശേഷം 1976 സപ്തം.9 ന് അദ്ദേഹം മരിച്ചപ്പോള്‍ ,അദ്ദേഹത്തിന്‍റെ വിയോഗത്തെ മുതലെടുത്ത് കൊണ്ട് മുതലാളിത്ത പാതക്കാര്‍ അധികാരം പിടിച്ചെടുക്കുകയും ചൈനയെ സോഷ്യലിസ്റ്റ് പാതയില്‍ നിന്ന് അധഃപതിപ്പിക്കുകയും ചെയ്തു
എന്നാല്‍ മാവോയെ ഉയര്‍ത്തിപ്പിടിക്കുന്നു വെന്ന് അവകാശപ്പെടുന്ന ചൈനയ്ക്ക് അകത്തും പുറത്തുമുളള വിഭാഗങ്ങള്‍ വ്യത്യസ്ത സാഹചര്യത്തില്‍ മാവോയുടെ പാഠംങ്ങളെ വളച്ചൊടിക്കുകയും ആക്രമിക്കുകയും ചെയ്ത രീതികളെ ഗൗരവപൂര്‍വ്വം നോക്കി കാണേണ്ടതുണ്ട് .ചൈനയിലെ വിപ്ളവ പോരാട്ടകാലത്ത് കഠിനമായ സമരങ്ങളിലൂടെയാണ് തന്‍റെ ലൈന്‍ സിപിസി യ്ക്കുളളില്‍ സ്ഥാപിച്ചെടുത്തത് .രാഷ്ട്രീയാധികാരം പിടിച്ചെടുത്ത് കഴിഞ്ഞപ്പോള്‍ മാവോയ്ക്കെതിരെ പോരാടി കൊണ്ടിരുന്ന വിഭാഗങ്ങളും മുതലാളിത്ത പാതയുടെ പുതിയ തലമുറയും ഉത്പാദന ശക്തികളുടെ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനത്തില്‍ 1956 ല്‍ സിപിസി യുടെ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം നേടുകയും ചെയ്തു.സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്‍ കീഴില്‍ വര്‍ഗ്ഗ സമരത്തിന്‍റെ സിദ്ധാന്തവും പ്രയോഗവും വികസിപ്പിച്ചു കൊണ്ട് മാവോ അവരോട് പോരാടുകയും സിപിസിയെ സാംസ്കാരിക വിപ്ളവത്തിലേക്ക് നയിക്കുകയും ചെയ്ത. പക്ഷെ അതേ വേളയില്‍ തന്നെ, ലിന്‍പിയാവോ യുടെ സാഹസിക ലൈനിന് മാവോയുടെ ലൈനിനെ ദുര്‍ബലപ്പെടുത്താന്‍ കഴിയുകയുണ്ടായി. സാമ്രാജ്യത്വത്തിന്‍റെ സാര്‍വ്വത്രികമായ തകര്‍ച്ചയുടെയും സോഷ്യലിസത്തിന്‍റെ ലോകവ്യാപകമായ വിജയത്തിന്‍റെയും യുഗത്തില്‍ ദീര്‍ഘകാല ജനകീയ യുദ്ധത്തിന്‍റെ ചൈനീസ് പാത സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കതീതമായ് എല്ലാ രാജ്യങ്ങള്‍ക്കും പ്രയോഗികമാണെന്ന് ലിന്‍പിയാവോ പ്രഖ്യാപിച്ചു. 1969 ലെ ഒന്വതാം കോണ്‍ഗ്രസ്സില്‍ അവര്‍ ആധിപത്യം നേടിയെടുത്തു. അമേരിക്കന്‍ നേതൃത്വത്തില്‍ സാമ്രാജ്യത്വം വികസിപ്പിച്ച പുത്തന്‍ കോളോണിയല്‍ ചൂഷണോപാദികളെ തിരിച്ചറിയാന്‍ ക്രൂഷ്ചെവൈറ്റുകളെ പോലെ തന്നെ ഇവരും പരാജയപ്പെട്ടു. 1973 ലെ പത്താം കോണ്‍ഗ്രസ്സില്‍ ചൗന്‍ ലായി അടക്കമുളള മധ്യനിലപാടുകള്‍ പ്രാമുഖ്യം നേടി. അത് മാവോയുടെ മരണശേഷം മുതലാളിത്ത പാതക്കാര്‍ക്ക് ആത്യന്തിക വിജയം നേടിയെടുക്കുന്നതിന് വഴിയൊരുക്കി. 1949 മുതല്‍ 76 വരെ യുളള കാലഘട്ടത്തില്‍ വിവിധ തരത്തിലുളള ഗുരുതരമായ ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സൈദ്ധാന്തികവും പ്രയൊഗികവുമായ തലങ്ങളില്‍ മാവോ നടത്തിയ ഐതിഹാസിക പോരാട്ടങ്ങള്‍ കൊണ്ട് മാത്രമാണ് ചൈന സോഷ്യലിസ്റ്റ് പാതയില്‍ നിലയുറപ്പിച്ചത്.
1960 കളിലും 70 കളിലും ആവിര്‍ഭവിച്ച മാര്‍ക്സിസ്റ്റ് ലെനിസ്റ്റ് പാര്‍ട്ടികള്‍ സോവ്യറ്റ് റിവിഷിനിസ്റ്റ് പാതക്കെതിരെ പോരാടുകയും മാവോയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍കൊണ്ട് കൊണ്ട് രാഷ്ട്രീയാധികാരത്തിന് വേണ്ടിയുളള പോരാട്ടങ്ങള്‍ പുനസ്ഥാപിക്കാന്‍ കഠിനമായ് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ലോക സാഹചര്യത്തെ സമൂര്‍ത്തമായ് വിശകലനം ചെയ്തുകൊണ്ടും അവരുടെ രാജ്യങ്ങളിലെ സാഹചര്യത്തിനനുസരിച്ച് ഒരു വിപ്ളവ പാത വികസിപ്പിക്കുന്ന തരത്തില്‍ മാവോ ചിന്തകളെ ഉള്‍കൊളളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല .മാവോയുടെ പേരില്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ചത് 1966 ലെ ജനകീയ യുദ്ധം നീണാള്‍വാഴട്ടെ എന്നതിലാരംഭിക്കുകയും പുതിയ യുഗസിദ്ധാന്തത്തില്‍ അവസാനിക്കുകയും ചെയ്ത ലിന്‍പിയാവോ മുന്നോട്ട് വെച്ച കാര്യങ്ങളായീരുന്നു.ഇതിന്‍റെ ഫലമായ് ഈ ഗ്രൂപ്പുകള്‍ കനത്ത തിരിച്ചടികള്‍ അഭിമുഖികരിക്കൂകയും നിരവധി ഗ്രൂപ്പുകളായ് ശിതിലികരിക്കപ്പെടുകയും ചെയ്തു.ഈ സാഹചര്യത്തില്‍ എല്ലാതരം അന്യവര്‍ഗ്ഗ പ്രവണതകള്‍ ശക്തിയാര്‍ജ്ജിക്കുകയും സാര്‍വ്വദേശിയ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം പ്രതിസന്ധിയിലാവുകയും ചെയ്തു.തോക്കുകളല്ല ജനങ്ങള്‍ മാത്രമാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന് ഊന്നി പറഞ്ഞ മാവോയുടെ പാഠംങ്ങളെ നിന്ദിക്കുകയാണ് ലിന്‍പിയാവോ സിദ്ധാന്തങ്ങളെ ഉയര്‍ത്തിപ്പിടിച്ചതിലൂടെ സംഭവിച്ചത്.
മഹാനായ വിപ്ളവകാരിയായ മാവോയെ അപമാനിക്കുകയാണ് മാവോയിസത്തിലൂടെ ചെയ്യുന്നത്.എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും സൈനികവാദത്തിലേക്ക് ചുരുക്കികൊണ്ട് കൂടുതല്‍ വികൃതമായ രീതിയില്‍ അവതരിപ്പിക്കുന്ന ലിന്‍പിയാവോയിസമാണത്.വര്‍ഗ്ഗ ബഹുജന സംഘടനകളാല്‍ പൊതിയപ്പെട്ട പാര്‍ട്ടി എന്ന ബോള്‍ഷെവിക്ക് സങ്കല്‍പ്പവും ജനകീയ ലൈനുമുള്‍പ്പെടെയുളള ലെനിന്‍റെയും,സ്റ്റാലിന്‍റെയും, മാവോയുടെയും മഹത്തായ സംഭാവനകളെ അത് കൈയൊഴിയുന്നു. പ്രത്യയയശാസ്ത്ര -രാഷ്ട്രീയ ലൈന്‍ എല്ലാം തീരുമാനിക്കുന്നു വെന്ന മാര്‍ക്സിസ്റ്റ് ലെനിസ്റ്റ് പാഠം അവര്‍ തളളിക്കളയുന്നു.തങ്ങള്‍ക്ക് തന്നെ വേണ്ടിയുളള വര്‍ഗ്ഗമായ് വിപ്ളവത്തെ നയിക്കാന്‍ പ്രാപ്തമായ തൊഴിലാളി വര്‍ഗ്ഗത്തെ പരിവര്‍ത്തിപ്പിക്കാനുളള ഉത്തരവാദിത്വം കൈയൊഴിഞ്ഞു കൊണ്ട് വൃത്തികെട്ട അവസരവാദ പ്രായോഗികവാദത്തിലേക്ക് വിപ്ളവ പ്രവര്‍ത്തനത്തെ അവര്‍ ലഘൂകരിച്ചിരിക്കുന്നു.

മാവോ ചിന്തയുടെ പേരില്‍ പ്രചരിക്കപ്പെട്ട ലിന്‍പിയാവോ സിദ്ധാന്തങ്ങള്‍ക്കോ ഇപ്പോഴത്തെ മാവോയിസ്റ്റുകള്‍ക്കോ മാവോയുടെ പാഠങ്ങളുമായ് യാതൊരു ബന്ധവുമില്ല.
ഗുണപരവും നിഷേധാത്മകവുമായ ചൈനീസ് വശങ്ങളില്‍ നിന്ന് മാര്‍ക്സിസ്റ്റ് ലെനിസ്റ്റുകള്‍ ഒട്ടേറെ പാഠംങ്ങള്‍ പഠിക്കേണ്ടതുണ്ട് . മാവോയുടെ സംഭാവനകള്‍ കൃത്യമായി വിശകലനം ചെയ്തു കൊണ്ട് മാത്രമെ ഇതു സാധ്യമാകുകയുളളു. അതിന് ലിന്‍പിയാവോയിസം തന്നെ ആയിട്ടുളള മാവോയിസത്തെ തളളികളയേണ്ടതായിട്ടുണ്ട് .

May 13, 2015

ചിറ്റാറിന്റെ തീരങ്ങളിൽ..

പ്രിയപെട്ട സഖാവേ,
സഖാവെന്ന വിളിയിൽ മനുഷ്യർ പരസ്പരം ഇത്ര സ്നേഹിക്കുന്നുണ്ടായിരുന്നെന്ന് എനിക്ക്‌ അറിയില്ലായിരുന്നു. ഇന്നലേയും നീ ഉറങ്ങുന്ന മണ്ണിൽ, നിന്റെ ഓർമ്മകൾ ഉറങ്ങാത്ത വീട്ടിൽ പോയിരുന്നു. വാതൽക്കൽ നീ ഏറ്റവും പ്രണയിച്ച, നെഞ്ചിൽ ചേർത്ത്‌ പിടിച്ച രക്ത വർണ്ണപതാകയും, അതോട്‌ ചേർത്ത്‌ നിന്റെ ചിത്രവും. നിന്റെ അച്ചനു ആ ചെങ്കൊടി ഇന്ന് നെഞ്ചോട്‌ ചേർത്തി പിടിക്കാൻ, പൂണൂലിന്റെ ബ്രാഹ്മണ്യത്തിന്റെ അതിരുകളൊ പരിതികളൊ ഇല്ല. സ്വന്തം മകനെ നെഞ്ചിൽ ചേർത്ത്‌ പിടിക്കുന്ന അതേ വികാരം തന്നെ ആയിരുന്നു. ആ ചിന്താധാരകളിൽ ചുവന്ന് സൂര്യനായി നീ ഇന്ന് ആളികത്തുന്നു. നീ കാണാതെ പോയത്‌, നീ കാണേണ്ടിയിരുന്നത്‌ ഒരുപാടുണ്ടായിരുന്നു. 
അവസാന നാളുകളിൽ നിന്റെ വിചാരധാരകളെ തീപിടിപ്പിച്ച ബുദ്ധന്റേയും ഓഷോയുടേയും വരികൾ നിന്നേയും പ്രതീക്ഷിച്ച്‌ മേശമേൽ മേൽ നിർവ്വികാരതയോടെ കിടക്കുന്നുണ്ടായിരുന്നു.
നിനക്ക്‌ ഏറ്റവും പ്രിയപെട്ടത്‌ പലതിലൂടെയും അറിഞ്ഞൊ അറിയാതെയൊ എനിക്ക്‌ സഞ്ചരിക്കേണ്ടി വന്നു. നിന്റെ മുറിയിൽ നിനക്ക്‌ ഏറ്റവും പ്രിയപെട്ട ആനന്ദിനെ കണ്ടു. വല്ലാതെ തളർന്നിക്കുന്നു നിന്റെ ആ സഖാവ്‌. ഒരിക്കലും നിന്റെ നവ മാധ്യമ വിപ്ലവത്തെ അംഗീകരിച്ച്‌ തരാൻ കൂട്ടാക്കാതിരുന്ന നിന്റെ പ്രിയപെട്ടവർക്കെല്ലാം, ഇന്ന് നിന്റെ നിലപാടുകൾ ശരികളാവുന്നു. അതെ, നീ പറയാറുള്ള പോലെ കാലം തെളിയിച്ചു, അതിനു നീ നിന്റെ ജീവൻ തന്നെ നൽകേണ്ടിയിരുന്നൊ സഖാ..
നെരുദയുടെ വിപ്ലവവും പ്രണയവും സ്ഫുരിക്കുന്ന വരികളിലായിരുന്നു നീ ജീവിച്ചിരുന്നത്‌. കാൽപനികമായൊരു ലോകത്ത്‌, ചിറ്റാറിന്റെ തീരങ്ങളിൽ. ആ തീരങ്ങൾക്ക്‌ നീയൊരു കാമുകനായിരുന്നു, സ്വാർത്ഥമായിരുന്നു ആ പ്രണയം. വിട്ട്‌ കൊടുത്തില്ല ആർക്കും നിന്നെ, നിന്റെ പ്രണയത്തിനു പോലും..
നമ്മളെന്തിനാ സഖാ ഈ പ്രസ്ഥാനത്തെ, ഈ പ്രത്യാശാസ്ത്രത്തെ ഇത്രയേറെ സ്നേഹിക്കുന്നുവെന്ന് ഇനിയെനിക്ക്‌ ചോദിക്കാനാവില്ലല്ലൊ നിന്നോട്‌, അവസാന യാത്രയിൽ നീ അതിനും ഉത്തരമേകി. രക്തപതാകയിൽ നീ ഉറങ്ങി കിടന്നപ്പോൾ, നിനക്കേറ്റവും നല്ല യാത്ര അയപ്പ്‌ നൽകി. ഏതൊരു കമ്മ്യൂണിസ്റ്റുകാരനും കൊതിക്കുന്ന ഒന്ന്.. മരിക്കുന്നെങ്കിൽ കമ്മ്യൂണിസ്റ്റുകാരനായി മരിക്കണം. നീയും അഭിമാനിക്കുന്നുണ്ടാകും, ആ അഭിമാനം സ്വന്തമാക്കുന്നൊരു ദിനം വരേയും, കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കണം.
അതിലേറെ നിന്റെ വരികളിൽ ആരുമറിയാതെ കുറിച്ച്‌ വച്ച പ്രണയവും, അവൾക്ക്‌ വേണ്ടി പുഞ്ചിരി ഒളിപ്പിച്ച ചിത്രങ്ങളും.. സഖാവേ, നിന്നെ എത്ര അടുത്തറിഞ്ഞിട്ടും ഒന്നുമല്ലാതാവുകയാണല്ലൊ ഞാൻ. 
തെറ്റിദ്ധാരണകൾക്കുമതീതമായിരുന്നു നിന്റെ സ്നേഹബന്ധങ്ങൾ. നിന്നെ കിറുക്കനെന്ന് വിളിച്ചവർക്ക്‌ നീയൊരു കാൽപനിക കവി ആയിരുന്നു. വൈകിയ ഫോൺ കോളുകളിൽ നിലാവിനെ സ്നേഹിച്ച, ചിറ്റാറിന്റെ തീരങ്ങളിൽ പുസ്തകങ്ങളെ പ്രണയിച്ച, മഴയിലലിഞ്ഞില്ലാതാവൻ  കൊതിച്ച ഒരു കിറുക്കൻ. അതിലപ്പുറം നിന്നെ വെറുക്കാൻ ആർക്കും ആവില്ലായിരുന്നു.
അതെ, ചുണ്ടുകൾ മിണ്ടും വിധം, നിന്റെ പ്രണയവും നീ ഞങ്ങളോട്‌ പറഞ്ഞു. നെരുദയുടെ വരികളെ പോലെ തീക്ഷ്ണമായിരുന്നു നിന്റെ ആ വരികൾ. പ്രണയവും ഒരു വിപ്ലവം തന്നെ ആയിരുന്നല്ലൊ സഖാവേ നിനക്ക്‌. 
സർഗ്ഗാത്മഗത മഷി പുരളുമ്പോൾ ആണല്ലൊ സഖാവേ, ഒരു കവി ജനിക്കുന്നതെന്ന് വിശ്വസിച്ച നിന്റെ സ്വപ്ങ്ങൾക്ക്‌ ആഗ്രഹങ്ങൾക്ക്‌ ഒരു ബാഷ്‌പാജ്ഞലി നൽകാനാവുമെന്ന് പ്രതീക്ഷയോടെ..
നിന്റെ സ്വന്തം...

ഹരിയുടെ നിഷ്കളങ്ങ മനസിനു കപടമുഖങ്ങളെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. സ്വാർത്ഥമായി അവനെ സ്നേഹിച്ചവരെ പോലും സ്നേഹിക്കാൻ അവനു എങ്ങനെ കഴിഞ്ഞുവെന്ന് ഞാൻ ഇന്ന് അത്ഭുതപെടുന്നു.. 
(അവനോട്‌ ഭൗതികമായി കടപ്പെട്ടിരിക്കുന്നവർക്ക്‌ ആ കടം വീട്ടാൻ ഒരു അച്ചനും അമ്മയും, ഹരിയുടെ സ്വന്തം ചിറ്റാറിന്റെ കരയിൽ ഒറ്റശേഖരമംഗലത്തുള്ള വീട്ടിൽ ജീവിച്ചിരിപ്പുണ്ട്‌.)

പച്ച മനുഷ്യന്റെ ചോര കുടിക്കുന്ന മതങ്ങൾ

ഇന്നലേയും ഒരു മതനിരപേക്ഷ എഴുത്തുകാരൻ മത തീവ്രവാദികളുടെ വർഗ്ഗീയവാദികളുടെ കൊലകത്തിക്ക്‌ ഇരയായി, ബ്ലോഗർ അനന്ത ബിജോയ്‌.
മുല്ലപൂ വിപ്ലവാന്തര ലോകത്ത്‌, നവമാധ്യമങ്ങളെ സംഘടിത വർഗ്ഗീയ തീവ്രവാദ ശക്തികളായ മതങ്ങൾ എത്രത്തോളം പേടിക്കുന്നെന്നുള്ള ഏറ്റവും വലിയ തെളിവ്‌. എഴുത്തുകാരെ നിങ്ങൾക്ക്‌ ഭൗതികമായി തകർക്കാനാവും, എന്നാൽ അവരെ പിൻപറ്റി നവമാധ്യമ ലോകത്ത്‌ തൂലിക ആയുധമാക്കി ഒരു പുതിയ തലമുറ വളർന്ന് വരുന്നുണ്ടെന്ന് ഓർത്താൽ നന്ന്. വാളോങ്ങിയാൽ തിരിച്ചടിക്കാൻ ചങ്കുറപ്പുള്ളൊരു തലമുറ. കാലഹരണപെട്ട മത പുസ്തകങ്ങൾ ഇറുകെ പിടിച്ച്‌, സാങ്കൽപിക കഥാപാത്രങ്ങൾക്ക്‌ ആമാനുഷിക ഭാവം നൽകി നിങ്ങൾ ചെയ്യുന്നത്‌ എന്ത്‌ മൈരായാലും, അതിന്‌ വിശുദ്ധ യുദ്ധമെന്ന പുറം മോടി നൽകിയാൽ എതിർക്കപ്പെടരുതെന്ന വാശി ജനാധിപത്യ, ദേശ, മനുഷ്യത്വ വിരുദ്ധമാണ്‌.
മനുഷ്യരെ അരിഞ്ഞ്‌ വീഴ്ത്തിയിട്ട്‌ ഞങ്ങളുടെ മതം സമാധാനത്തിന്റെ, സാഹോദര്യത്തിന്റെ മതമാണെന്ന് പറയുന്ന പുരോഹിതരെ, സന്യാസിമാരെ, അച്ചന്മാരെ കൊലയാളികളെന്നല്ലാതെ എന്ത്‌ വിളിക്കാൻ ?? ആശയങ്ങൾക്ക്‌ മുനമടങ്ങുന്നിടത്താണ്‌ ആയുധങ്ങൾക്ക്‌ മൂർച്ച കൂടുന്നതെന്നതിനാൽ തന്നെ, ആയുധപെടുത്ത ഒരോ മതവും, ആശയപരമായി പാപ്പരീകരിക്കപെട്ടവയാകുന്നു.
കൊന്ന് തീർക്കാൻ ആണെങ്കിൽ ഇനിയും ഒരുപാട്‌ പേരുണ്ട്‌. നിരായുധരായ, നിക്ഷ്പക്ഷരായ ഒരുപാട്‌ പച്ച മനുഷ്യർ. അവരുടെ ചോര വീഴ്ത്തി നിങ്ങൾക്ക്‌ നിങ്ങളുടെ മതത്തെ പവിത്രമായി തന്നെ നിലനിർത്താം. പക്ഷെ എത്രനാൾ??