May 13, 2015

ചിറ്റാറിന്റെ തീരങ്ങളിൽ..

പ്രിയപെട്ട സഖാവേ,
സഖാവെന്ന വിളിയിൽ മനുഷ്യർ പരസ്പരം ഇത്ര സ്നേഹിക്കുന്നുണ്ടായിരുന്നെന്ന് എനിക്ക്‌ അറിയില്ലായിരുന്നു. ഇന്നലേയും നീ ഉറങ്ങുന്ന മണ്ണിൽ, നിന്റെ ഓർമ്മകൾ ഉറങ്ങാത്ത വീട്ടിൽ പോയിരുന്നു. വാതൽക്കൽ നീ ഏറ്റവും പ്രണയിച്ച, നെഞ്ചിൽ ചേർത്ത്‌ പിടിച്ച രക്ത വർണ്ണപതാകയും, അതോട്‌ ചേർത്ത്‌ നിന്റെ ചിത്രവും. നിന്റെ അച്ചനു ആ ചെങ്കൊടി ഇന്ന് നെഞ്ചോട്‌ ചേർത്തി പിടിക്കാൻ, പൂണൂലിന്റെ ബ്രാഹ്മണ്യത്തിന്റെ അതിരുകളൊ പരിതികളൊ ഇല്ല. സ്വന്തം മകനെ നെഞ്ചിൽ ചേർത്ത്‌ പിടിക്കുന്ന അതേ വികാരം തന്നെ ആയിരുന്നു. ആ ചിന്താധാരകളിൽ ചുവന്ന് സൂര്യനായി നീ ഇന്ന് ആളികത്തുന്നു. നീ കാണാതെ പോയത്‌, നീ കാണേണ്ടിയിരുന്നത്‌ ഒരുപാടുണ്ടായിരുന്നു. 
അവസാന നാളുകളിൽ നിന്റെ വിചാരധാരകളെ തീപിടിപ്പിച്ച ബുദ്ധന്റേയും ഓഷോയുടേയും വരികൾ നിന്നേയും പ്രതീക്ഷിച്ച്‌ മേശമേൽ മേൽ നിർവ്വികാരതയോടെ കിടക്കുന്നുണ്ടായിരുന്നു.
നിനക്ക്‌ ഏറ്റവും പ്രിയപെട്ടത്‌ പലതിലൂടെയും അറിഞ്ഞൊ അറിയാതെയൊ എനിക്ക്‌ സഞ്ചരിക്കേണ്ടി വന്നു. നിന്റെ മുറിയിൽ നിനക്ക്‌ ഏറ്റവും പ്രിയപെട്ട ആനന്ദിനെ കണ്ടു. വല്ലാതെ തളർന്നിക്കുന്നു നിന്റെ ആ സഖാവ്‌. ഒരിക്കലും നിന്റെ നവ മാധ്യമ വിപ്ലവത്തെ അംഗീകരിച്ച്‌ തരാൻ കൂട്ടാക്കാതിരുന്ന നിന്റെ പ്രിയപെട്ടവർക്കെല്ലാം, ഇന്ന് നിന്റെ നിലപാടുകൾ ശരികളാവുന്നു. അതെ, നീ പറയാറുള്ള പോലെ കാലം തെളിയിച്ചു, അതിനു നീ നിന്റെ ജീവൻ തന്നെ നൽകേണ്ടിയിരുന്നൊ സഖാ..
നെരുദയുടെ വിപ്ലവവും പ്രണയവും സ്ഫുരിക്കുന്ന വരികളിലായിരുന്നു നീ ജീവിച്ചിരുന്നത്‌. കാൽപനികമായൊരു ലോകത്ത്‌, ചിറ്റാറിന്റെ തീരങ്ങളിൽ. ആ തീരങ്ങൾക്ക്‌ നീയൊരു കാമുകനായിരുന്നു, സ്വാർത്ഥമായിരുന്നു ആ പ്രണയം. വിട്ട്‌ കൊടുത്തില്ല ആർക്കും നിന്നെ, നിന്റെ പ്രണയത്തിനു പോലും..
നമ്മളെന്തിനാ സഖാ ഈ പ്രസ്ഥാനത്തെ, ഈ പ്രത്യാശാസ്ത്രത്തെ ഇത്രയേറെ സ്നേഹിക്കുന്നുവെന്ന് ഇനിയെനിക്ക്‌ ചോദിക്കാനാവില്ലല്ലൊ നിന്നോട്‌, അവസാന യാത്രയിൽ നീ അതിനും ഉത്തരമേകി. രക്തപതാകയിൽ നീ ഉറങ്ങി കിടന്നപ്പോൾ, നിനക്കേറ്റവും നല്ല യാത്ര അയപ്പ്‌ നൽകി. ഏതൊരു കമ്മ്യൂണിസ്റ്റുകാരനും കൊതിക്കുന്ന ഒന്ന്.. മരിക്കുന്നെങ്കിൽ കമ്മ്യൂണിസ്റ്റുകാരനായി മരിക്കണം. നീയും അഭിമാനിക്കുന്നുണ്ടാകും, ആ അഭിമാനം സ്വന്തമാക്കുന്നൊരു ദിനം വരേയും, കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കണം.
അതിലേറെ നിന്റെ വരികളിൽ ആരുമറിയാതെ കുറിച്ച്‌ വച്ച പ്രണയവും, അവൾക്ക്‌ വേണ്ടി പുഞ്ചിരി ഒളിപ്പിച്ച ചിത്രങ്ങളും.. സഖാവേ, നിന്നെ എത്ര അടുത്തറിഞ്ഞിട്ടും ഒന്നുമല്ലാതാവുകയാണല്ലൊ ഞാൻ. 
തെറ്റിദ്ധാരണകൾക്കുമതീതമായിരുന്നു നിന്റെ സ്നേഹബന്ധങ്ങൾ. നിന്നെ കിറുക്കനെന്ന് വിളിച്ചവർക്ക്‌ നീയൊരു കാൽപനിക കവി ആയിരുന്നു. വൈകിയ ഫോൺ കോളുകളിൽ നിലാവിനെ സ്നേഹിച്ച, ചിറ്റാറിന്റെ തീരങ്ങളിൽ പുസ്തകങ്ങളെ പ്രണയിച്ച, മഴയിലലിഞ്ഞില്ലാതാവൻ  കൊതിച്ച ഒരു കിറുക്കൻ. അതിലപ്പുറം നിന്നെ വെറുക്കാൻ ആർക്കും ആവില്ലായിരുന്നു.
അതെ, ചുണ്ടുകൾ മിണ്ടും വിധം, നിന്റെ പ്രണയവും നീ ഞങ്ങളോട്‌ പറഞ്ഞു. നെരുദയുടെ വരികളെ പോലെ തീക്ഷ്ണമായിരുന്നു നിന്റെ ആ വരികൾ. പ്രണയവും ഒരു വിപ്ലവം തന്നെ ആയിരുന്നല്ലൊ സഖാവേ നിനക്ക്‌. 
സർഗ്ഗാത്മഗത മഷി പുരളുമ്പോൾ ആണല്ലൊ സഖാവേ, ഒരു കവി ജനിക്കുന്നതെന്ന് വിശ്വസിച്ച നിന്റെ സ്വപ്ങ്ങൾക്ക്‌ ആഗ്രഹങ്ങൾക്ക്‌ ഒരു ബാഷ്‌പാജ്ഞലി നൽകാനാവുമെന്ന് പ്രതീക്ഷയോടെ..
നിന്റെ സ്വന്തം...

ഹരിയുടെ നിഷ്കളങ്ങ മനസിനു കപടമുഖങ്ങളെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. സ്വാർത്ഥമായി അവനെ സ്നേഹിച്ചവരെ പോലും സ്നേഹിക്കാൻ അവനു എങ്ങനെ കഴിഞ്ഞുവെന്ന് ഞാൻ ഇന്ന് അത്ഭുതപെടുന്നു.. 
(അവനോട്‌ ഭൗതികമായി കടപ്പെട്ടിരിക്കുന്നവർക്ക്‌ ആ കടം വീട്ടാൻ ഒരു അച്ചനും അമ്മയും, ഹരിയുടെ സ്വന്തം ചിറ്റാറിന്റെ കരയിൽ ഒറ്റശേഖരമംഗലത്തുള്ള വീട്ടിൽ ജീവിച്ചിരിപ്പുണ്ട്‌.)

No comments:

Post a Comment