July 25, 2015

സമാധാനത്തിന്റെ രാഷ്ട്രീയം

മതനിരപേക്ഷതയുടെ സൈദ്ധാന്തികപാഠങ്ങളൊന്നും ഡല്‍ഹിയിലെ ശ്രീറാം, ബവാന കോളനികളിലെ സാധാരണക്കാര്‍ക്ക് അറിയില്ല. എന്നാല്‍, ഇപ്പോള്‍ അവര്‍ക്ക് ഒരു കാര്യം ബോധ്യമുണ്ട്- സിപിഐ എമ്മാണ് ഇരുകോളനികളിലും കലാപത്തിന്റെ കനലുകള്‍ ആളിക്കത്താതെ കാത്തുസൂക്ഷിക്കുന്നത് എന്ന്. ഡല്‍ഹിയില്‍ സിപിഐ എമ്മിന് സ്വാധീനം കുറവാണ്. സംഘപരിവാറാകട്ടെ, തലസ്ഥാന നഗരിയില്‍ ആഴത്തില്‍ വേരുള്ള ശക്തിയും. ബിജെപിക്ക് ഏറ്റവും മോശം കാലത്തുപോലും ഡല്‍ഹിയില്‍ 30 ശതമാനത്തിലേറെ വോട്ട് ലഭിക്കും. വര്‍ഗീയധ്രുവീകരണം ശക്തമാക്കി സ്വാധീനം വര്‍ധിപ്പിക്കാനാണ് ബിജെപിയുടെയും കൂട്ടാളികളുടെയും ശ്രമം. കഴിഞ്ഞവര്‍ഷം കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ വര്‍ഗീയകലാപം ആസൂത്രണം ചെയ്തത് ഈ ലക്ഷ്യത്തോടെയാണ്.
തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ബക്രീദിന് തൊട്ടുതലേന്ന് ഡല്‍ഹിയിലെ ബവാന പുനരധിവാസ കോളനിയില്‍ വര്‍ഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചു. 2002ല്‍ യമുനാതീരത്തുനിന്ന് ഒഴിപ്പിച്ച നിര്‍ധന നഗരവാസികളെ പുനരധിവസിപ്പിച്ച സ്ഥലമാണ് ഈ കോളനി. ഇവിടെ ഗണ്യമായ വിഭാഗം മുസ്ലിങ്ങളാണ്. ഈ കോളനിയുടെ അതിരിടുന്ന കനാലിന്റെ മറുകരയിലാണ് ബവാന ഗ്രാമം. ഇവിടത്തെ നാട്ടുകാരില്‍നിന്ന് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്താണ് ബവാന ജെ ജെ കോളനി സ്ഥാപിച്ചത്. ജാട്ട് സമുദായാംഗങ്ങള്‍ക്കാണ് ഇവിടെ മേധാവിത്വം.
ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് രാവിലെ പൊലീസുകാരെന്ന ഭാവത്തില്‍ ബവാന ഗ്രാമത്തില്‍നിന്നുള്ള അമ്പതോളം പേര്‍ ബവാന കോളനിയിലെത്തി. ഗ്രാമത്തിലുള്ള പശുക്കള്‍ കോളനിയില്‍ കയറിയിട്ടുണ്ടെന്നും അത് പരിശോധിക്കാന്‍ എത്തിയതാണെന്നും അവര്‍ വിശദീകരിച്ചു. കോളനിയിലെ മുസ്ലിങ്ങള്‍ ബക്രീദിന് പശുക്കളെ ബലിയര്‍പ്പിക്കാന്‍ പോകുകയാണെന്ന ആരോപണവും ഇവര്‍ ഉന്നയിച്ചു. പക്ഷേ, അന്വേഷകര്‍ക്ക് കണ്ടെത്താനായത് കോളനിവാസിയായ ഒരു രാജസ്ഥാന്‍ വനിതയുടെ പശുവിനെയാണ്; ഇവര്‍ ഹിന്ദുസമുദായാംഗവുമാണ്. ഈ പശുവിനെ ബലംപ്രയോഗിച്ച് കടത്തിക്കൊണ്ടുപോകാനുള്ള സംഘത്തിന്റെ ശ്രമം നാട്ടുകാര്‍ സമുദായഭേദമെന്യേ ഒത്തുചേര്‍ന്ന് പരാജയപ്പെടുത്തി.
ഗൂഢാലോചനക്കാര്‍ വെറുതെയിരുന്നില്ല. പിറ്റേന്ന് പുലര്‍ച്ചെ ട്രക്കില്‍ പശുക്കളെ കോളനിയില്‍ കൊണ്ടുവിട്ടു. ഇവയുടെ കഴുത്തില്‍ മണി കെട്ടിയിരുന്നു. ഈ പശുക്കളെ കണ്ടതോടെ കോളനിവാസികള്‍ അപകടം മണത്തു. അവര്‍ പൊലീസില്‍ വിവരം അറിയിച്ചു. രണ്ടുമണിക്കൂറിനുശേഷമാണ് പൊലീസ് എത്തിയത്. നാട്ടുകാര്‍ നേരിടുന്ന ഭീഷണിയെക്കുറിച്ച് വിശദീകരിച്ച സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഫരീദയെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്് പൊലീസ് ചെയ്തത്. ഫരീദ നിലപാടില്‍ ഉറച്ചുനിന്നതോടെ കള്ളക്കളി നടക്കില്ലെന്ന് പൊലീസുകാര്‍ക്ക് ബോധ്യമായി. കഴുത്തില്‍ മണി കെട്ടിയ നാല് പശുക്കളെ കോളനിയില്‍നിന്ന് പൊലീസ് കണ്ടെത്തി. ഇവയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കുറച്ചു കഴിഞ്ഞപ്പോള്‍ ബൈക്കുകളില്‍ ഇരുപത്തഞ്ചോളം പേര്‍ ബവാന കോളനിയിലെത്തി. കോളനിയില്‍ ആര്‍എസ്എസ് മാര്‍ച്ച് നടത്താന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചു. അതേസമയംതന്നെ "കോളനിയില്‍ ദിവസവും പശുക്കളെ കൊല്ലുന്നതിനെതിരെ ഹിന്ദു ക്രാന്തികാരി സേന നേരിട്ട് യുദ്ധം തുടങ്ങുന്നു' എന്നെഴുതിയ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. വര്‍ഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് പദ്ധതി ഇതോടെ പകല്‍പോലെ വ്യക്തമായി. അപ്പോള്‍ത്തന്നെ സിപിഐ എം നേതാക്കളായ ആശ ശര്‍മയുടെയും സിദ്ധേശ്വര്‍ ശുക്ലയുടെയും നേതൃത്വത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ കോളനിയിലെത്തി വിവിധ സമുദായങ്ങളില്‍പ്പെട്ട ആളുകളുമായി മണിക്കൂറുകളോളം സംസാരിച്ചു. ആര്‍എസ്എസ്-ബിജെപി കെണിയില്‍ വീഴരുതെന്നും സംയമനം പാലിക്കണമെന്നും നേതാക്കള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സിപിഐ എം നേതാക്കള്‍ നിവേദനവും നല്‍കി. സീതാറാം യെച്ചൂരി ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ കമീഷണര്‍ ദീപക് മിശ്രയെ ബന്ധപ്പെട്ട് ബവാന കോളനിയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സിപിഐ എം പ്രവര്‍ത്തകര്‍ കാട്ടിയ ജാഗ്രതയാണ് ബക്രീദിന്റെ തലേന്ന് ബവാന കോളനിയില്‍ വര്‍ഗീയ അസ്വാസ്ഥ്യം കുത്തിപ്പൊക്കാനുള്ള സംഘപരിവാര്‍ കുതന്ത്രങ്ങള്‍ പൊളിച്ചത്.എന്നാല്‍, സാമുദായിക അസ്വാസ്ഥ്യം സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം സംഘപരിവാര്‍ തുടര്‍ന്നു.
ബവാന കോളനിയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ മുഹറം ആചരണത്തിന്റെ ഭാഗമായി റാലി നടത്തുന്ന പതിവുണ്ട്. കോളനിയില്‍നിന്ന് പുറപ്പെട്ട് ബവാന ഗ്രാമം വലംവച്ചശേഷം സമാപിക്കുന്നതാണ് റാലിയുടെ സാധാരണ റൂട്ട്. ഇക്കൊല്ലം പതിവ് റൂട്ടില്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് സംഘാടകര്‍ക്ക് മുന്നറിയിപ്പ് കിട്ടി. ആര്‍എസ്എസ്-ബിജെപി നേതൃത്വത്തില്‍ നവംബര്‍ രണ്ടിന് ബവാന ഗ്രാമത്തില്‍ മഹാപഞ്ചായത്ത് എന്ന പേരില്‍ യോഗം വിളിച്ചു. സ്ഥലത്തെ ബിജെപി എംഎല്‍എയും കോണ്‍ഗ്രസുകാരനായ മുനിസിപ്പല്‍ കൗണ്‍സിലറും യോഗത്തില്‍ മുഖ്യപ്രഭാഷകരായി. മുഹറം റാലി ബവാന ഗ്രാമത്തില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന് "മഹാപഞ്ചായത്ത്' പ്രഖ്യാപിച്ചു. റാലി കനാല്‍ കടന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണി മുഴക്കി.
കനാലിന്റെ തീരത്ത് ഇതിനിടെ ഒരു ക്ഷേത്രം നിര്‍മിക്കുകയുണ്ടായി. മുഹറം നാളില്‍ ക്ഷേത്രത്തില്‍ പൊതുആഘോഷം നടത്താനും തീരുമാനിച്ചു. ഈ സാഹചര്യത്തില്‍, അന്നത്തെ സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറി പി എം എസ് ഗ്രേവാളിന്റെ നേതൃത്വത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ കോളനി സന്ദര്‍ശിച്ചു. വീടുകള്‍തോറും കയറിയിറങ്ങി ജനങ്ങളെ സമാധാനം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. നാട്ടുകാരുടെ പൊതുവായ പ്രതികരണം ഇതായിരുന്നു: ""മുന്‍കാലത്തെന്നതുപോലെ ഞങ്ങള്‍ സമാധാനത്തോടെതന്നെ കഴിയാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. വര്‍ഗീയ ഏറ്റുമുട്ടലിലേക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.''. അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ലാതെ മുഹറം കടന്നുപോയി.
കഴിഞ്ഞയാഴ്ച ഉണ്ടായ സംഭവംകൂടി കുറിക്കുന്നു. ശ്രീറാം കോളനി വടക്കുകിഴക്കന്‍ ഡല്‍ഹിയിലാണ്. ഇവിടെയുള്ള ഏക പൊതുസ്ഥലത്ത് ആര്‍എസ്എസ് ശാഖ തുടങ്ങി. പ്രകോപനം സൃഷ്ടിക്കാന്‍ പരമാവധി ശ്രമമുണ്ടായി. സ്ഥലത്ത് ഭീതിയുടെ അന്തരീക്ഷമായി. കോളനിയിലെ സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ടി നേതൃത്വവുമായി വിഷയം ചര്‍ച്ച ചെയ്തു. പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ കോളനിവാസികള്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിനെയും സിറ്റി പൊലീസ് കമീഷണര്‍ ബി എസ് ബസ്സിയെയും കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് കമീഷണര്‍ നേരിട്ട് കോളനി സന്ദര്‍ശിക്കുകയും ക്രമസമാധാനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു.
മുഖ്യധാരാ മാധ്യമങ്ങള്‍ സിപിഐ എം നടത്തുന്ന ഇത്തരം ഇടപെടലുകളും പ്രവര്‍ത്തനങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു. കല്‍പ്പിത കഥകള്‍ പ്രസിദ്ധീകരിച്ച് അവര്‍ സായൂജ്യം കണ്ടെത്തുന്നു. എന്നാല്‍, എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും സത്യം പ്രകാശം ചൊരിയും

July 7, 2015

പാഠപുസ്തകവും വിദ്യാര്‍ത്ഥി രാഷ്ട്രീയവും..

ബൂലോകത്തില്‍ ഞാന്‍ എഴുതിയ ലേഖനം 


ഇന്നലെ (ജൂലൈ 6, തിങ്കളാഴ്ച) സാക്ഷര കേരളം വേദിയായത്, വിരോധാഭാസം നിറഞ്ഞൊരു രാഷ്ട്രീയ നാടകത്തിനാണ്. പാഠപുസ്തത്തില്‍ ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടന ആഹ്വാനം ചെയ്ത പഠിപ്പ് മുടക്കിനോടനുബന്ധിച്ച് നടന്ന രാഷ്ട്രീയ നാടകങ്ങളും, പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ പാഠപുസ്തക വിതരണവും, 'ആക്രമണങ്ങള്‍' നിറഞ്ഞ നിയമസഭാ മാര്‍ച്ചും. പാഠപുസ്തക വിതരണം എങ്ങുമെത്താതത് പ്രതിപക്ഷം ഒരു രാഷ്ട്രീയ ആയുധം എന്നതിനപ്പുറം, ഒരു ജനകീയ വിഷയമാക്കി മാറ്റിയെടുക്കുന്നതില്‍ വിജയിക്കുന്നുവെന്ന സൂചന നല്‍കി കൊണ്ടാണ് ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പോലും രാഷ്ട്രീയം നോക്കാതെയുള്ള നിലപാടുകള്‍ മുഖ്യധാര മാധ്യമങ്ങള്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ സ്വീകരിക്കേണ്ടി വന്നത്. പ്രസ്തുത വിഷയത്തിലെ എസ്.എഫ്.ഐയുടെ ശക്തമായ നിലപാടുകളില്‍ വിരളിപൂണ്ട സര്‍ക്കാര്‍ കാക്കി പടയെ വച്ച് സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്നതും ശ്രദ്ധിക്കണം. എ.ബി.വി.പി, എം.എസ്.എഫ്, എസ്.ഐ.ഒ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ ചിത്രത്തിലേ ഇല്ല.
ഓണമിങ്ങെത്തി.. കളിക്കളങ്ങള്‍ ഇത്തവണ നേരത്തെ ആവേശത്തിമിര്‍പ്പിലാണ്. സ്ഥിരം ഓണപരീക്ഷകള്‍ ഇത്തവണ ഓണം കഴിഞ്ഞിട്ടേ കാണുവെന്ന് അറിഞ്ഞപ്പോള്‍ തുടങ്ങിയ ആഘോഷങ്ങളുടെ ആവേശം ഇനി ഓണാവധികള്‍ കഴിഞ്ഞെ കളികളങ്ങളില്‍ കെട്ടടങ്ങു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, പാഠപുസ്തകം ഇനിയും കിട്ടാത്തതിന്റെ പരിഭവം ഇവര്‍ മറച്ചുവയ്ക്കുന്നില്ല. രക്ഷിതാക്കളും അദ്ധ്യാപകരും ഒരുപോലെ ആശയിലാണ്. വൈകി കിട്ടുന്ന പാഠപുസ്തകം, സിലബസിനെ ആകെ തകിടം മറിക്കുമെന്ന് അവര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന ഭാരം കൂടുമെന്നത് രക്ഷിതാക്കളേയും അലട്ടുന്നു.
ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും, പാഠപുസ്തക വിതരണം എന്ന് പൂര്‍ത്തീകരിക്കാനാവുമെന്ന ചോദ്യത്തിനു മുന്നില്‍ സര്‍ക്കാരും കോണ്‍ഗ്രസും കൈ മലര്‍ത്തുകയാണ്. പച്ചവത്കരണത്തില്‍ ലീഗിനുള്ള താല്‍പര്യം പോലും, പാഠപുസ്തകത്തില്‍ ഇല്ലെന്നത് മാത്രമല്ല, സ്വകാര്യ പ്രസ്സ് ലോബികളെ സഹായിക്കാന്‍ കൂടി വേണ്ടി മനപൂര്‍വ്വം പ്രിന്റിംഗ് വൈകിക്കുക ആയിരുന്നെന്ന ആരോപണത്തിനു മറുപടി നല്‍കാനും സര്‍ക്കാരിനു ഇതുവരെ കഴിഞ്ഞിട്ടില്ല. സ്വകാര്യ ഏജന്‍സികളെ സമീപിക്കാനുള്ള നീക്കം വിവാദമായതോടെ അച്ചടി കെ.ബി.പി.എസിനെ (കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി) തന്നെ ഏല്‍പ്പിക്കുകയായിരുന്നു. പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും വൈകുന്നത് ഗൗരവതരമാണെന്ന് ഹൈക്കോടതി പരാമര്‍ശമുണ്ടായിരുന്നു. അച്ചടി വൈകിയതിനെക്കുറിച്ച് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലിട്ട് കളിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെയോ സര്‍ക്കാരിന്റേയോ, നിലപാട് ഭരണപക്ഷ വിദ്യാര്‍ത്ഥി പാര്‍ട്ടിക്ക് പോലും സ്വീകാര്യമല്ലെന്നത് (പൊതുജന സമക്ഷമെങ്കിലും) കൂടി ചേര്‍ത്ത് വായിക്കുമ്പോഴെ വിഷയത്തിന്റെ ഗുരുതരാവസ്ഥ മനസിലാകു. അതു കൊണ്ട് തന്നെയാണു ജൂലൈ ആറാം തീയതി, പഠിപ്പ് മുടക്ക് പ്രഖ്യാപനം പോരു രാഷ്ട്രീയ പ്രഹസന നാടകം നടത്താന്‍ കെ.എസ്.യു നിര്‍ബന്ധിരായത്. പിന്നീട് എ.സി റൂമിലിരുന്ന് ചര്‍ച്ച ചെയ്തെന്ന്‍ പറഞ്ഞ കെ.എസ്.യുവിന്റെ  രാഷ്ട്രീയം അപ്രസക്തവും, വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നെന്ന വാദം  പൊള്ളയായി പ്രഹസനവും മാത്രമായി മാറുന്നു.
ലോക്കല്‍ യൂണിറ്റുകള്‍ നടത്തി വന്നിരുന്ന നടത്തി വന്നിരുന്ന പാഠപുസ്തക വിതരണം വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു ആശ്വസം നല്‍കുന്നെന്ന് തിരിച്ചറിഞ്ഞ എസ.എഫ്.ഐ നേതൃത്വം, സംസ്ഥാന വ്യാപകമായി ജുലൈ  ആറു മുതല്‍ നടത്താന്‍ തീരുമാനിച്ചതോടെ, വിദ്യാര്‍ത്ഥി പക്ഷമാണെന്ന് കാണിക്കാനുള്ള വ്യഗ്രതയില്‍ പഠിപ്പ് മുടക്കിന് അഹ്വാനം ചെയ്ത കെ.എസ്.യു നേതൃത്വം സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. അതേ തുടര്‍ന്ന്‍ സമൂഹത്തിന്റെ വിവിധ തുറയില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നതോടെ പഠിപ്പ് മുടക്ക് ഉപേക്ഷിക്കുക ആയിരുന്നു. വിദ്യാഭ്യാസം വകുപ്പിന്റെ വെബ് സൈറ്റുകളില്‍ ലഭ്യമായ പാഠപുസ്തകം സ്വന്തം ചിലവില്‍, സ്വകാര്യ പ്രസ്സുകളില്‍ നിന്നും മറ്റും പ്രിന്റ് ചെയ്ത് സൗജന്യമായി വിദ്യാര്‍ത്ഥികളില്‍ എത്തിക്കുകയാണ് എസ്.എഫ്.ഐയുടെ ലക്ഷ്യമെന്ന് സംഘടന നേതാക്കള്‍ പറയുന്നു.
എ.സി.റൂമിന്റെ കുളിരില്‍ മുഖ്യമന്ത്രി പറഞ്ഞ പഠിപ്പിച്ച വാക്കുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളമ്പി തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയെന്ന്‍ ആത്മ നിര്‍വൃതിയടയുന്ന ഭരണപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനവും, സര്‍ക്കാരിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് സ്വന്തം ചിലവില്‍ പുസ്തകം വിതരണം ചെയ്യുകയും, തെരുവില്‍ ആക്രമിക്കപ്പെടുകയും ചെയ്ത പ്രതിപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനവും, ഒന്ന്‍ പ്രതിഷേധം രേഖപെടുത്തുക പോലും ചെയ്യാത്ത വര്‍ഗീയ രാഷ്ട്രീയം പറയാന്‍ മാത്രം ചാനല്‍ മൈക്കുകള്‍ക്ക് മുന്നിലെത്തുന്ന പ്രസ്ഥാനങ്ങളും : ഇതാണ് ഇന്നത്തെ കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം 
രാഷ്ട്രീയ നിലപാടുകള്‍ സംരക്ഷിക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്ക് പ്രസക്തിയില്ല എന്ന തിരിച്ചറിവിനു പോലും കെ.എസ്.യുവിനെ മാറ്റി ചിന്തിപ്പിച്ചില്ല എന്നത് നിര്‍ഭാഗ്യം. അല്ലായിരുന്നെങ്കില്‍ സംസ്കാര സമ്പന്നരായ കേരള ജനതയ്ക്ക് മുന്നില്‍ രാഷ്ട്രീയ വൈരം മറന്ന് ഒരോ കുരുന്ന് കൈകളിലും പുസ്തകമെത്തിക്കാനുള്ള എസ്.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കി ഒരു സ്കൂളിലെങ്കിലും പുസ്തകം വിതരണം ചെയ്തേനെ..

July 6, 2015

വ്യാപം അഴിമതി : ബി.ജെ.പിയും, പ്രതികരിക്കുന്നവരെ കൊന്നു തള്ളുന്ന രാഷ്ട്രീയവും.

മധ്യപ്രദേശിലെ വിവിധ കോഴ്സുകളിലേക്കും സര്‍ക്കാര്‍ തസ്തികകളിലേക്കും പ്രവേശനത്തിനും നിയമനത്തിനുമുള്ള പരീക്ഷകള്‍ നടത്താന്‍ ചുമതലപ്പെട്ട മധ്യപ്രദേശ് പ്രൊഫഷണല്‍ പരീക്ഷാ ബോര്‍ഡ് അഥവാ മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ എന്നതിന്‍റെ ചുരുക്കെഴുത്താണ് വ്യാപം. പ്രവേശന പരീക്ഷയില്‍ തട്ടിപ്പ് നടത്തി അയോഗ്യരായ ആയിരക്കണക്കിന് ആളുകള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കിയ അഴിമതിയാണ് മധ്യപ്രദേശിലെ വ്യാപം അഴിമതി എന്ന പേരില്‍ അറിയപ്പെടുന്നത്. 2013 ല്‍ ഇന്‍ഡോറില്‍ നിന്നുള്ള ഡോക്ടര്‍ ആനന്ദ് റായി വ്യാപം നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ചില ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണങ്ങളുമായി രംഗത്തു വന്നത്തോടെയാണ് വ്യാപം അഴിമതി കേസ് വെളിച്ചം കാണുന്നത്. സർക്കാരിലെ ഉന്നതരും വ്യവസായികളും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ ആയിരുന്നു നിയമന തട്ടിപ്പിനു പിന്നിൽ.
2003ലാണ് മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. 2004 മുതല്‍ വ്യാപം പരീക്ഷാ ക്രമക്കേട് തുടങ്ങിയെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. കേസ് അന്വേഷണം കാല്‍ ഭാഗമായപ്പോഴേക്കും 2000 പ്രതികളെ കസ്റ്റഡിയിലെടുത്ത കേസില്‍ 300 അറസ്റ്റാണ് നടന്നത്. 400 പ്രതികള്‍ ഒളിവിലാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മുന്‍ ഗവര്‍ണര്‍ രാം നരേഷ് യാദവ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നതോടെയാണ് വ്യാപം കുംഭകോണം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്.
48 പരീക്ഷാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍െറ ശിപാര്‍ശപ്രകാരവും നിയമനം നല്‍കിയിട്ടുണ്ട്. ഏഴുപേരെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്ര ജലവിഭവ മന്ത്രിയുമായ ഉമാഭാരതിയും ഒരാളെ ഗവര്‍ണറും 21 പേരെ മറ്റു മന്ത്രിമാരുമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. മാര്‍ക്ക് ലിസ്റ്റുകള്‍ തിരുത്തി പരീക്ഷാര്‍ഥികളെ പാസാക്കുകയായിരുന്നു റാക്കറ്റ് ചെയ്തിരുന്നത്. അന്വേഷണം നീണ്ടതോടെ വ്യവസായികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ പുറത്തുവരാന്‍ തുടങ്ങി. വ്യാപം അസിസ്റ്റന്‍റ് പ്രോഗ്രാമര്‍ സി.കെ. മിശ്ര, സിസ്റ്റം അനലിസ്റ്റ് നിതിന്‍ മഹീന്ദ്ര, കൂട്ടാളി അജയ് സെന്‍ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. മുന്‍ വിദ്യാഭ്യാസ മന്ത്രി ലക്ഷ്മികാന്ത് ശര്‍മ, ബി.ജെ.പി അനുയായിയും ഖനനവ്യവസായിയുമായ സുധീര്‍ ശര്‍മ എന്നിവരും തുടര്‍ന്ന് അറസ്റ്റിലായി. മകന്‍െറ പേര്‍ പരാമര്‍ശിക്കപ്പെട്ടതോടെ ഗവര്‍ണര്‍ രാം നരേഷ് യാദവ് രാജിവെച്ചു. തുടര്‍ന്ന് മകന്‍ ശൈലേഷ് യാദവ് പ്രതിപ്പട്ടികയില്‍ വരുകയും, ഗവര്‍ണര്‍ക്കെതിരെ അന്വേഷണം തുടങ്ങുകയും ചെയ്തു. ശൈലേഷ് ഗവര്‍ണറുടെ വസതിയില്‍ ദുരൂഹനിലയില്‍ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം കണ്ടത്തൊന്‍ കഴിഞ്ഞില്ല. പ്രതികളും സാക്ഷികളും അന്വേഷകരുമായി ഇതുവരെ വ്യാപം കേസുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം 45 ആയി. ട്രെയിനി പൊലീസ് ഇന്‍സ്പെക്ടര്‍ അനാമിക കുശ്വാഹിനെയുടെ മരണത്തോടെ കഴിഞ്ഞ 48 മണിക്കൂറിനിടെ മൂന്നാമത്തെ ദുരൂഹമരണമായ മരണമാണു നടന്നിരിക്കുന്നത്. കുംഭകോണത്തിന്റെ വാർത്തകൾ ശേഖരിച്ച ചാനൽ മാധ്യമപ്രവർത്തകൻ അക്ഷയ് സിങ്ങിന്റെ മരണത്തിനു പിന്നാലെയാണു പൊലീസ് ഇന്‍സ്പെക്ടറും ദുരൂഹമായി മരിച്ചത്.
‘വ്യാപം’ കേസ് അന്വേഷിക്കുന്ന സംഘത്തിന് നിർണ്ണായക വിവരങ്ങൾ നൽകിയ മധ്യപ്രദേശിലെ ജബൽപൂർ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളജ് ഡീനും മുൻ കോൺഗ്രസ് മന്ത്രി എൻ‍.കെ. ശർമയുടെ മകനുമായ ഡോ. അരുണിനെയും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
2007 മുതല്‍ 2013 വരെയുള്ള കാലയളവില്‍ തന്നെ ഏതാണ്ട് 1,40,000 പേര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനര്‍ഹമായി പ്രവേശനം ലഭിച്ചെന്നും, ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് തട്ടിപ്പ് നടത്താന്‍ സംസ്ഥാന വ്യാപകമായി ഒരു റാക്കറ്റുതന്നെ പ്രവര്‍ത്തിക്കുന്നതായും പല രാഷ്ട്രീയ പ്രമുഖര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
കുംഭകോണവുമായി ഏതെങ്കിലും നിലയിൽ ബന്ധപ്പെട്ടവർ തുടർച്ചയായി മരിക്കുന്നതിന്റെ കാരണം കണ്ടെത്താനാവാതെ അന്വേഷണ സംഘം പകച്ചുനിൽക്കുകയാണു. മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ ആഭ്യന്തരമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍ നടത്തിയ പ്രസ്താവന ദുരൂഹതക്ക് ആക്കംകൂട്ടി. റെയിലിലായാലും ജയിലിലായാലും എല്ലാ മരണങ്ങളും സ്വാഭാവിക മരണങ്ങളാണെന്നും എല്ലാവരും ഒരുനാള്‍ മരിക്കാനുള്ളതാണെന്നും ആയിരുന്നു ഗൗറിന്‍െറ പ്രസ്താവന. അതേസമയം ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണ്.

July 5, 2015

പാഠപുസ്തകം : വിദ്യാർത്ഥി സംഘടനകളും ഉത്തരവാദിത്വങ്ങളും

ജുലൈ 6, 2015
സാക്ഷര കേരളം വേദിയാവുന്നത്‌, വിരോധാഭാസം നിറഞ്ഞൊരു രാഷ്ട്രീയ നാടകത്തിനാണ്‌. പാഠപുസ്തത്തിൽ ഭരണപക്ഷ വിദ്യാർത്ഥി സംഘടന ആഹ്വാനം ചെയ്ത പഠിപ്പ്‌ മുടക്കും, പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്‌.എഫ്‌.ഐയുടെ പാഠപുസ്തക വിതരണവും നടക്കാനിരിക്കുന്നത്‌ അന്നാണ്‌‌. പാഠപുസ്തക വിതരണം എങ്ങുമെത്താതത്‌ പ്രതിപക്ഷം ഒരു രാഷ്ട്രീയ ആയുധം എന്നതിനപ്പുറം, ഒരു ജനകീയ വിഷയമാക്കി മാറ്റിയെടുക്കുന്നതിൽ വിജയിക്കുന്നുവെന്ന സൂചന നൽകി കൊണ്ടാണ്‌ ഭരണപക്ഷ വിദ്യാർത്ഥി സംഘടനകൾക്ക്‌ പോലും രാഷ്ട്രീയം നോക്കാതെയുള്ള നിലപാടുകൾ മുഖ്യധാര മാധ്യമങ്ങൾക്കും, ജനങ്ങൾക്കും മുന്നിൽ സ്വീകരിക്കേണ്ടി വന്നത്‌.
ഓണമിങ്ങെത്തി..
കളി കളങ്ങൾ ഇത്തവണ നേരത്തെ ആവേശത്തിമിർപ്പിലാണ്‌. സ്ഥിരം ഓണപരീക്ഷകൾ ഇത്തവണ ഓണം കഴിഞ്ഞിട്ടേ കാണുവെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയ ആഘോഷങ്ങളുടെ ആവേശം ഇനി ഓണാവധികൾ കഴിഞ്ഞെ കളികളങ്ങളിൽ കെട്ടടങ്ങു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, പാഠപുസ്തകം ഇനിയും കിട്ടാത്തതിന്റെ പരിഭവം ഇവർ മറച്ചുവയ്ക്കുന്നില്ല. രക്ഷിതാക്കളും അദ്ധ്യാപകരും ഒരുപോലെ ആശയിലാൺ. വൈകി കിട്ടുന്ന പാഠപുസ്തകം, സിലബസിനെ ആകെ തകിടം മറിക്കുമെന്ന് അവർ പറയുന്നു. വിദ്യാർത്ഥികൾക്ക്‌ പഠന ഭാരം കൂടുമെന്നത്‌ രക്ഷിതാക്കളേയും അലട്ടുന്നു.

ശക്തമായ പ്രതിഷേധം ഉയർന്നിട്ടും, പാഠപുസ്തക വിതരണം എന്ന് പൂർത്തീകരിക്കാനാവുമെന്ന ചോദ്യത്തിനു മുന്നിൽ സർക്കാരും കോൺഗ്രസും കൈ മലർത്തുകയാണ്‌. പച്ചവത്കരണത്തിൽ ലീഗിനുള്ള താൽപര്യം പോലും, പാഠപുസ്തകത്തിൽ ഇല്ലെന്നത്‌ മാത്രമല്ല, സ്വകാര്യ പ്രസ്സ്‌ ലോബികളെ സഹായിക്കാൻ കൂടി വേണ്ടി മനപൂർവ്വം പ്രിന്റിംഗ്‌ വൈകിക്കുക ആയിരുന്നെന്ന ആരോപണത്തിനു മറുപടി നൽകാനും സർക്കാരിനു ഇതുവരെ കഴിഞ്ഞിട്ടില്ല. സ്വകാര്യ ഏജന്‍സികളെ സമീപിക്കാനുള്ള നീക്കം വിവാദമായതോടെ അച്ചടി കെ.ബി.പി.എസിനെ (കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി) തന്നെ ഏല്‍പ്പിക്കുകയായിരുന്നു. പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും വൈകുന്നത് ഗൗരവതരമാണെന്ന് ഹൈക്കോടതി പരാമര്‍ശമുണ്ടായിരുന്നു. അച്ചടി വൈകിയതിനെക്കുറിച്ച് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
വിദ്യാർത്ഥികളുടെ ഭാവി തുലാസിലിട്ട്‌ കളിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെയോ സർക്കാരിന്റേയോ, നിലപാട്‌  ഭരണപക്ഷ വിദ്യാർത്ഥി പാർട്ടിക്ക്‌ പോലും  സ്വീകാര്യമല്ലാത്തത്‌ ആണെന്ന് കൂടി ചേർത്ത്‌ വായിക്കുമ്പോഴെ വിഷയത്തിന്റെ ഗുരുതരാവസ്ഥ മനസിലാകു. അതു കൊണ്ട്‌ തന്നെയാണു ജൂലൈ ആറാം തീയതി, പഠിപ്പ്‌ മുടക്ക്‌ പോലൊരു രാഷ്ട്രീയ പ്രഹസന നാടകം നടത്താൻ കെ.എസ്‌.യു നിർബന്ധിരായത്‌. രാഷ്ട്രീയം നോക്കാതെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നെന്ന കെ.എസ്‌.യുവിന്റെ വാദം പൊള്ളയായി പ്രഹസനം മാത്രമായി ബാക്കിയാവുന്നു.
എസ്‌.എഫ്‌.ഐ ലോക്കൽ യൂണിറ്റുകൾ നടത്തി വന്നിരുന്ന നടത്തി വന്നിരുന്ന പാഠപുസ്തക വിതരണം വിദ്യാർത്ഥികൾക്ക്‌ വലിയൊരു ആശ്വസം നൽകുന്നെന്ന് തിരിച്ചറിഞ്ഞ സംസ്ഥാന നേതൃത്വം, സംസ്ഥാന വ്യാപകമായി ജുലൈ ആറിന്‌ നടത്താൻ എസ്‌.എഫ്‌.ഐ തീരുമാനിച്ചതോടെ, വിദ്യാർത്ഥിപക്ഷമാണെന്ന് കാണിക്കാനുള്ള വ്യഗ്രതയിൽ പഠിപ്പ്‌ മുടക്കിന്‌ അഹ്വാനം ചെയ്ത കെ.എസ്‌.യു നേതൃത്വം സമ്മർദ്ദത്തിലായിരിക്കുകയാണ്‌. വിദ്യാഭ്യാസം വകുപ്പിന്റെ വെബ്‌ സൈറ്റുകളിൽ ലഭ്യമായ പാഠപുസ്തകം സ്വന്തം ചിലവിൽ, സ്വകാര്യ പ്രസ്സുകളിൽ നിന്നും മറ്റും പ്രിന്റ്‌ ചെയ്ത്‌ സൗജന്യമായി വിദ്യാർത്ഥികളിൽ എത്തിക്കുകയാണ്‌ എസ്‌.എഫ്‌.ഐയുടെ ലക്ഷ്യമെന്ന് സംഘടന നേതാക്കൾ പറയുന്നു. 
രാഷ്ട്രീയ നിലപാടുകൾ സംരക്ഷിക്കാൻ വേണ്ടി വിദ്യാർത്ഥി വിരുദ്ധ നിലപാടുകളെടുക്കുന്ന ഒരു വിദ്യാർത്ഥി സംഘടനയ്ക്ക്‌ പ്രസക്തിയില്ല എന്ന തിരിച്ചറിവിനു കെ.എസ്‌.യു എത്ര വിലകൽപ്പിക്കുന്നെന്ന് തിങ്കളാഴ്ച്ച കേരളത്തിന്റെ പൊതു സമൂഹത്തിനു മുന്നിൽ അവർക്ക്‌ തുറന്ന് പറയേണ്ടി വരും. രാഷ്ട്രീയ പ്രഹസനത്തിന്റെ പേരിൽ, ഗുണ്ടായിസം കാണിച്ച്‌ സ്കൂളുകൾ അടപ്പിക്കുമോ അതോ സംസ്കാര സമ്പന്നരായ കേരള ജനതയ്ക്ക്‌ മുന്നിൽ രാഷ്ട്രീയ വൈരം മറന്ന് ഒരോ കുരുന്ന് കൈകളിലും പുസ്തകമെത്തിക്കാനുള്ള എസ്‌.എഫ്‌.ഐയുടെ പ്രവർത്തനങ്ങളിൽ കൈ കോർക്കുമോയെന്ന് നമുക്ക്‌ കണ്ടറിയാം.