കഥകള്‍

ഞാൻ കണ്ട ഏറ്റവൂം വലിയ മനുഷ്യൻ.. 

(അനുഭവ കഥ- അഭിജിത്ത്)
"..തീവണ്ടി യാത്രകളെനിക്കെന്നും പ്രിയപെട്ട ഓർമ്മകളായിരുന്നു. അങ്ങനെയൊരു തീവണ്ടി യാത്രയിൽ നിന്നും... 
കുറച്ച്‌ മാസങ്ങൾക്ക്‌ മുൻപ്‌, പി.എസ്‌.സി എക്സാം എഴുതാൻ കോട്ടയം വരെ പോകേണ്ടി വന്നു. തിരുവനന്തപുരത്ത്‌ നിന്നും അമൃതയിൽ കയറിയപ്പോഴെ ഇരിക്കാൻ സീറ്റും, നിൽക്കാൻ സ്ഥലവും തീരെ കുറവായിരുന്നു. അതിനാൽ ഡോറിനരികെ തന്നെ നിന്നു. സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്തപ്പോഴാണ്‌ ഞാനാദ്യമായി ജോസഫ്‌ ഏട്ടനെ കണ്ടത്‌. തോളിലൊരു സഞ്ചിയും, കൈയിലൊരു ബാഗുമായി ട്രെയിനിൽ കയറാൻ ഓടി വരുന്ന അദ്ദേഹത്തിന്‌ ഒരു കൈ കൊടുത്ത്‌, കയറാൻ സഹായിച്ചു. 

വണ്ടിയിൽ കയറിയുടനെ അദ്ദേഹം നന്ദിയോടെ ഒരു ഹസ്തദാനം നൽകി, പുഞ്ചിരിച്ച്‌ കൊണ്ട്‌ പറഞ്ഞു തുടങ്ങി, "ഞാൻ ജോസഫ്‌, തൃശൂരാണ്‌ സ്വദേശം.. "

ഒരു നിമിഷം നിർത്തിയിട്ട്‌ അദ്ദേഹം തുടർന്നു, "തിരുവന്തോരം കാരനാണല്ലെ. അല്ല, നിങ്ങൾക്ക്‌ അധികം സംസാരിക്കുന്നതിഷ്ടമല്ല അല്ലേ?" 

"ഏയ്‌ അങ്ങനെയൊന്നുമില്ല ചേട്ടാ.. "
"അതല്ല, കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ ഒരു ഗഡിയോട്‌ ഞാൻ സമയം ചോദിച്ചു, കൂട്ടത്തിൽ ഇത്തിരി നാട്ടു വർത്തമാനങ്ങളും, ആ കക്ഷി എനിക്ക്‌ സമയം പറഞ്ഞു തന്നില്ലെന്ന് മാത്രമല്ല കുറെ ചീത്തയും പറഞ്ഞു.." ചിരിച്ച്‌ കൊണ്ട്‌ ജോസഫേട്ടൻ പറഞ്ഞു നിർത്തി. 
"ഞാനിത്തിരി സംസാരിക്കാനൊക്കെ ഇഷ്ടമുള്ള കൂട്ടത്തിലാ ചേട്ടാ.. "
കുറച്ച്‌ നേരം കൊണ്ടൊരുപാട്‌ സംസാരിച്ചു. കുടുംബത്തെ പറ്റി, നാട്ടിനെ പറ്റി.. എല്ലാം.. 
ചിര പരിചിതരെ പോലെയാണ്‌ അദ്ദേഹം എന്നോട്‌ പെരുമാറിയത്‌.. കുറച്ച്‌ നേരം കൊണ്ട്‌ ഞാൻ മനസിലാക്കിയ അദ്ദേത്തിന്റെ കഥ.. 
ജോസഫേട്ടൻ പ്രണയിച്ചാണ്‌ വിവാഹം കഴിച്ചത്‌. രണ്ട്‌ പെൺ മക്കൾ, മൂത്തവളുടെ കല്യാണം കഴിഞ്ഞു, അതും പ്രണയ വിവാഹമായിരുന്നു. മകളുടെ ഇഷ്ടത്തിന്‌ എതിര്‌ നിൽക്കാത്ത അദ്ദേഹം വിവാഹം നടത്തി കൊടുത്തു. പക്ഷെ സ്ത്രീധനം കുറഞ്ഞു പോയെന്നും പറഞ്ഞവൾ ആ സ്നേഹസമ്പന്നനായ അച്ചനോട്‌ പിണങ്ങി കഴിയുന്നു. രണ്ടാമത്തവൾ ഇപ്പോൾ പ്ലസ്‌ 2. അവളെ അദേഹത്തിന്‌ ഒരുപാട്‌ ഇഷ്ടമാണെന്ന് സംസാരത്തിൽ നിന്നും മനസിലായി.. അവളുടെ ഒരാവശ്യത്തിനാണ്‌ ഇപ്പോഴത്തെ യാത്രയെന്ന് പറഞ്ഞെങ്കിലും, എന്തിനാണെന്ന് പറഞ്ഞില്ല.. മകളുടെ കാര്യമായതിനാൽ അങ്ങോട്ട്‌ ചോദിച്ചുമില്ല.

കൊല്ലമെത്തിയപ്പോഴേക്കും ട്രെയിനിൽ തിരക്ക്‌ കൂടി. 

"പി.എസ്‌.സി എഴുതാനുള്ളവരുടെ തിരക്കാ, അല്ലേ? " ജോസഫേട്ടൻ സംസാരം തുടർന്നു.. 

"അതെ അതെ.. " ഞാൻ സമ്മതിച്ച്‌ കൊടുത്തു. 
നിന്ന് തളർന്നപ്പോൾ ഞങ്ങൾ യാത്ര ഇരുന്നാക്കി.

"ഡോറിൽ ഇങ്ങനെ ഇരിക്കുന്നത്‌ കുറ്റകരമാണ്‌. പക്ഷെ സീറ്റിലെങ്കിൽ പിന്നെ എന്തോ ചെയ്യാനാ. " ജോസഫേട്ടൻ നല്ല ഫോമിലായിരുന്നു. ബാഗ്‌ തുറന്നദ്ദേഹം ഒരു കവർ ബോളിയെടുത്തു.

"എന്റെ മോൾക്ക്‌ ഭയങ്കര ഇഷ്ടമാ, അവിടെയൊന്നും കിട്ടില്ലല്ലൊ ഇത്‌?" എന്നും പറഞ്ഞദ്ദേഹം കവർ പൊട്ടിച്ചൊന്ന് എനിക്ക്‌ നേരെ നീട്ടി. ഞാൻ അതു വാങ്ങാൻ ഒരു നിമിഷം വൈകിയത്‌ കൊണ്ടാവും, അദ്ദേഹമിങ്ങനെ പറഞ്ഞത്‌, "അപരിചിതരിൽ നിന്നല്ലെ ഒന്നും വാങ്ങരുതെന്ന് പറഞ്ഞിട്ടുള്ളത്‌, നമ്മളിപ്പോൾ അപരിചിതരല്ലല്ലൊ.." 

"ചേട്ടൻ മോൾക്ക്‌ വാങ്ങിയതല്ലേ.. അതു കൊണ്ടാ"
"ഏയ്‌, അവൾക്ക്‌ കൊടുക്കാൻ ഇനിയുമുണ്ട്‌. തൽകാലം നമ്മടെ വിശപ്പിത്തിരി മാറും. പിന്നെ അവൾക്കാണെൽ നല്ല സുഖമില്ല. അതു കൊണ്ടും കൂടിയാ ഞാൻ നാട്ടിൽ പോകുന്നത്‌" അദ്ദേഹത്തിന്റെ മുഖത്ത്‌ നിഴലിച്ച വിഷമം കണ്ടില്ലെന്ന് നടിച്ച്‌ കൊണ്ട്‌ ഞാനത്‌ വാങ്ങി.
കഴിച്ച്‌ കൊണ്ടിരുന്നപ്പോൾ ഞാൻ ചോദിച്ചു, "എന്താ ചേട്ടാ, മോൾക്ക്‌ പനിയാ..? " 
"അല്ല, കാൻസർ, നട്ടെല്ലിൽ.. ഇന്നലെയാ ഞങ്ങൾ അറിഞ്ഞത്‌. വൈകി പോയെന്നാ ഡോക്ടർ പറഞ്ഞതെന്നാ ഭാര്യ പറഞ്ഞത്‌. "
പാതി കഴിച്ച ബോളിയുമായി ഞാൻ നിശ്ചലനായി ഇരുന്നു പോയി..
ജോസഫേട്ടൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. ഗ്യാലറി തുറന്നൊരു പതിനെട്ട്‌ വയസ്സുകാരിയുടെ ഫോട്ടോ കാണിച്ചു തന്നു. മിഴികളിൽ നിഷ്കളങ്കത നിറഞ്ഞു നിന്നൊരു നാടൻ പെൺകുട്ടി.. 
"മുതുക്‌ വേദനയെന്നും പറഞ്ഞവൾ കരഞ്ഞപ്പോൾ കൊണ്ട്‌ പോയി നോക്കിയതാ. അപ്പഴാ, അവളോട്‌ പറഞ്ഞിട്ടില്ല, അറിഞ്ഞാലവൾ തകർന്നു പോവില്ലേടാ.. എന്റെ കുട്ടി, ഒരുപാട്‌ സ്വപ്നങ്ങളുമായി, മെഡിസിന്‌ എൻട്രൻസ്‌ എഴുതാൻ വേണ്ടി പഠിക്കുകയാ.. "
ജോസഫേട്ടൻ കണ്ണുകൾ തുടച്ച സമയത്ത്‌ ഞാൻ കൈയിലിരുന്ന പലഹാരം പതുക്കെ പുറത്തേക്കിട്ടു..
ആ യാത്രയിലാദ്യമായി ഞങ്ങൾക്കിടയിൽ ക്ഷണിക്കപെടാത്ത അതിഥിയെ പോലെ മൗനം കടന്നു വന്നു.. സ്റ്റേഷനുകൾ പലതും കടന്നു പോയി.. 
അദ്ദേഹത്തിന്റെ ഫോൺ ചിലച്ചപ്പോഴാണ്‌ ഞാൻ ആലോചനകളിൽ നിന്നും ഉണർന്നത്‌.. 
"മോളാ.. " എന്നോട്‌ പറഞ്ഞിട്ടദ്ദേഹം ഫോൺ എടുത്തു.. 
പഠിച്ചു കഴിഞ്ഞു കിടക്കാൻ നേരത്ത്‌ വിളിച്ചതായിരുന്നു അവൾ.. 
"ഞാൻ രാവിലെ അങ്ങെത്തും മോളെ.." സ്നേഹസമ്പന്നനായ ഒരു പിതാവിനെ ഞാനദ്ദേഹത്തിൽ കണ്ടു.. 
കുറെ സംസാരിച്ചിട്ട്‌ അദ്ദേഹം എന്നെ കുറിച്ചും പറഞ്ഞു, "മാളു, വണ്ടിയിലെനിക്കൊരു കൂട്ട്‌ കിട്ടി. അഭി, തിരുവനന്തപുരം കാരനാ. പുള്ളി അവിടെ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുവാ. ഞാൻ കൊടുക്കാട്ടോ.." അദ്ദേഹം ഫോൺ എനിക്ക്‌ നേരെ നീട്ടി... 
ഞാൻ വാങ്ങിയിട്ടെന്തു പറയണമെന്നറിയാതെ ഫോൺ ചെവിയിലേയ്ക്ക്‌ വച്ചു... 
"ചേട്ടാ, സുഖമാണൊ? " എന്ന് തൊട്ട്‌, വീട്ടുകാരെ കുറിച്ചും, നാട്ടിനെ കുറിച്ചും അങ്ങനെ ഒത്തിരി സംസാരിച്ചു. അച്ചനെ തോൽപ്പിക്കുന്ന മോള്‌ തന്നെ ഞാൻ മനസിലോർത്തത്‌ ഇതിരി വിഷമത്തോടെയാണ്‌. അവസാനം ഫേസ്‌ ബുക്ക്‌ ഐ.ഡി വരെയവൾ ചോദിച്ചു. പറഞ്ഞ്‌ കൊടുത്തത്‌ കുറിച്ചും വച്ചു.
"രാവിലെ റിക്വസ്റ്റ്‌ അയക്കാട്ടോ, അക്സെപ്റ്റ്‌ ചെയ്യണെ.." ഗുഡ് നൈറ്റും പറഞ്ഞവൾ ഫോൺ വച്ചു. ഫോൺ ജോസഫേട്ടന്‌ തിരികെ കൊടുത്തപ്പോൾ ഞാൻ കരയുവായിരുന്നു.

വൈകാതെ കോട്ടയത്ത്‌ എത്തി. ഫോൺ നമ്പർ ഞാൻ ചോദിച്ചില്ലെങ്കിലും, അദ്ദേഹമെന്നോട്‌ ചോദിച്ചു. ഞാൻ നമ്പർ കൊടുത്തു. 

"തിരുവനന്തപുരത്ത്‌ വരുമ്പോൾ വിളിക്കണെ. അവിടെ വച്ച്‌ രക്തം ആവശ്യമായാൽ എന്നെ വിളിക്കണെ, കോളേജിൽ നിന്നും സംഘടിപ്പിച്ചു തരാം" എന്നു കൂടി ഞാൻ കൂട്ടി ചേർത്തു. 

"എന്റെ അച്ചനും ക്യാൻസർ ആയിരുന്നു, അതു കൊണ്ട്‌ കീമോ കഴിഞ്ഞാൽ രക്തം വേണ്ടി വരുമെന്ന് അറിയാം" അനുയോജ്യ സാഹചര്യമല്ലെങ്കിലും പിന്നീട്‌ ആവശ്യമാകുമെന്ന് അറിയാവുന്ന കൊണ്ട്‌ ഞാൻ പറഞ്ഞു. 

"അച്ചനിപ്പോൾ..?"
"പോയി.. "

ഒന്ന് രണ്ട്‌ മാസം കഴിഞ്ഞു, ഇതുവരെ അദ്ദേഹത്തിന്റെ കോൾ എന്നെ തേടി വന്നില്ല. അവളുടെ റിക്വസ്റ്റും. മറന്നു പോയത്‌ കൊണ്ടാവണേ റിക്വസ്റ്റ്‌ അവൾ അയക്കാത്തെന്നാണെന്റെ പ്രാർത്ഥന..

No comments:

Post a Comment